അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ സ്വകാര്യ സിസിടിവി ക്യാമറകൾ സ്ഥാപിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി.
മറ്റൊരാളുടെ വീടിന്റെ പ്രവേശന കവാടവും പരിസരവും നിരീക്ഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
യോഗേന്ദ്ര മൗര്യ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അയൽവാസി സ്ഥാപിച്ച സിസിടിവി ക്യാമറ തന്റെ വീടിന്റെ പ്രവേശന കവാടവും മറ്റ് ഭാഗങ്ങളും കാണുന്ന രീതിയിലാണെന്നും വീട്ടിലേക്ക് വരുന്നവരുടെയും അവിടെ നിന്ന് പോകുന്നവരുടെയും സ്വകാര്യതയെ ഇത് ബാധിക്കുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹർജിക്കാരൻ ആവശ്യപ്പെട്ട ക്യാമറ ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടില്ല.
പകരം, പരിഹാരം തേടി ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു.
ക്യാമറ മാറ്റുന്നതിനായി അപേക്ഷ നൽകുകയാണെങ്കിൽ, അത് പരിഗണിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇതോടെ ഹർജി തീർപ്പാക്കി.
70 12 23 03 34




0 Comments