ഇടപ്പാടിയില്‍ ഭക്തിസാന്ദ്രമായി സ്‌കന്ദഷഷ്ഠി മഹോത്സവം; ആയിരങ്ങള്‍ ഒഴുകിയെത്തി



ഭക്തിയുടെയും വിശ്വാസത്തിന്റെയും മന്ത്രധ്വനികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഇടപ്പാടി ആനന്ദ ഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവം ആഘോഷിച്ചു. 

പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു.  നിരവധി ഭക്തര്‍  ആനന്ദഷണ്മുഖനാഥന്റെ ദര്‍ശനത്തിനും വഴിപാടുകള്‍ക്കുമായി എത്തിച്ചേര്‍ന്നതോടെ ഇടപ്പാടി വിശ്വാസത്തിന്റെ മഹാസംഗമ വേദിയായി മാറി.

രണ്ടായിരത്തോളം ഭക്തര്‍ക്ക് ഒരേസമയം ഇരുന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ഷേത്രത്തിന്റെ നാലുവശത്തുമുള്ള മുറ്റത്തായി വിശാലമായ പന്തല്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്നതോടെ അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ, പ്രഭാതപൂജ തുടങ്ങിയ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കളഭകലശപൂജയും കലശപൂജയും നടന്നു. രാവിലെ പത്തിന് ആരംഭിച്ച കാര്യസിദ്ധി പൂജയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് നടന്ന അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും മഹാഗുരുപൂജയും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിന് കൂടുതല്‍ പവിത്രത പകര്‍ന്നു. മഹാരാജാലങ്കാരത്തില്‍ അനുഗ്രഹദായകനായി വിളങ്ങിയ ഷണ്മുഖസ്വാമിയുടെ ദര്‍ശനം ഭക്തര്‍ക്ക് അവിസ്മരണീയ അനുഭവമായി. മഹാഷഷ്ഠി പൂജയ്ക്കുശേഷം പ്രസാദവിതരണവും ഷഷ്ഠി ഊട്ടും നടന്നു.


മഹാവിഷ്ണു ക്ഷേത്ര നിര്‍മാണത്തിന് സമര്‍പ്പണനിധി ഉദ്ഘാടനം ചെയ്തു

മഹാവിഷ്ണു ക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്തജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സമര്‍പ്പണനിധിയുടെ ഉദ്ഘാടനവും സ്‌കന്ദഷഷ്ഠി ദിനത്തില്‍ നടന്നു. വിളക്കുമാടം ഈട്ടിക്കല്‍ ഇ.കെ. രാജന്‍ ആദ്യ ഫണ്ട് നല്‍കി. ദേവസ്വം പ്രസിഡന്റ് എം എന്‍ ഷാജി, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മീനച്ചില്‍ യൂണിയന്‍ ഭരണസമിതി അംഗം സജി ചേന്നാട് സംബന്ധിച്ചു.


ആറുമുഖനായ സുബ്രഹ്മണ്യന്റെ തിരുനടയില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഇടപ്പാടിയിലെ സ്‌കന്ദഷഷ്ഠി മഹോത്സവം വിശ്വാസത്തിന്റെ ഉജ്ജ്വലമായ ആഘോഷമായി മാറുകയായിരുന്നു. പരിപാടികള്‍ക്ക് സുരേഷ് ഇട്ടിക്കുന്നേല്‍, എം എന്‍ ഷാജി, സതീഷ് മണി, കണ്ണന്‍ ഇടപ്പാടി, തുടങ്ങി മുഴുവന്‍ ദേവസ്വം ഭരണസമിതിയംഗങ്ങളും നേതൃത്വം നല്‍കി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments