ഹർത്താൽ ദിനത്തിലും സ്ത്രീ സുരക്ഷ സെമിനാറിൽ പങ്കെടുക്കാൻ ഇരുനൂറോളം പേർ; ഓട്ടോറിക്ഷയിൽ വന്നിറങ്ങി, വനിതാ കമ്മീഷനംഗം ഇ.എം. രാധ !!






സുനിൽ പാലാ

പാലായില്‍ സ്ത്രീസുരക്ഷാ സംസ്ഥാനതല സെമിനാറില്‍ പങ്കെടുക്കാന്‍ വനിതാ കമ്മീഷനംഗം ഇ.എം. രാധ എത്തിയത് ഓട്ടോറിക്ഷയില്‍! 

ഹര്‍ത്താലാണെങ്കിലും താന്‍ പാലായിലെത്തുമെന്ന് രാധ പാലാ നഗരസഭ അധികാരികളെ അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ ഇ.എം. രാധ അവിടെ നിന്ന് ഓട്ടോറിക്ഷാ വിളിച്ച് പാലായ്ക്ക് വരികയായിരുന്നു. 

കാറില്‍ വരുന്ന വനിതാ കമ്മീഷനംഗത്തെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നു പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ്, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍. മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ ബിജോയി മണര്‍കാട്ട് തുടങ്ങിയവർ. 




എന്നാല്‍ എല്ലാവരേയും  ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇ.എം. രാധ 9.45 ഓടെ ഓട്ടോറിക്ഷയില്‍ പാലാ നഗരസഭ കവാടത്തില്‍ വന്നിറങ്ങി. തുടര്‍ന്ന് സ്ത്രീസുരക്ഷ സെമിനാറില്‍ രണ്ട്  മണിക്കൂറോളം ക്ലാസെടുത്ത ശേഷം ഓട്ടോയില്‍ തന്നെ മടങ്ങുകയും ചെയ്തു. 







കേരളത്തിൻ്റെ  ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകളായ രാധ ലളിത ജീവിതത്തിനുടയമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഓട്ടോറിക്ഷയിലാണ് നഗരസഭയിലെത്തിയതെന്ന് സമ്മേളനത്തില്‍  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അനൗണ്‍സ് ചെയ്തതോടെ സ്ത്രീകള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നിന്ന് കയ്യടി ഉയര്‍ന്നു. 


ഹര്‍ത്താലായിട്ടും നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നിന്നായി ഇരുനൂറോളം വനിതകള്‍ സെമിനാറില്‍ പങ്കെടുത്തത് സംഘാടകരുടെ വിജയവുമായി.

Post a Comment

0 Comments