നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പന്‍ ചൂണ്ടിയെടുക്കാന്‍ മിടുക്കനാണെന്ന് തെളിഞ്ഞതായി സംസ്ഥാന വനിതാ കമ്മീഷനംഗം ഇ.എം. രാധ.
ഇന്നലെ പാലാ നഗസഭയില്‍ സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ബൈജു കൊല്ലംപറമ്പനെ വനിതാ കമ്മീഷനംഗം പുകഴ്ത്തിയത്.
''ഈ സമ്മേളനത്തിലേക്ക് വരുംമുമ്പ് നഗരസഭാ ഓഫീസിൽ വെച്ച് "കേരള കൗമുദി " റിപ്പോര്‍ട്ടറുമായി ഞാന്‍ 10 മിനിറ്റ് സംസാരിച്ചു. കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലേക്കാള്‍ പരാതിക്കാരായ സ്ത്രീകള്‍ കൂടുതലായുള്ളത് കോട്ടയത്താണെന്നും ഇവിടുത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ് ഇതിന് കാരണമെന്നും ഞാന്‍ ആ ഇൻ്റർവ്യൂവിൽ പറഞ്ഞു.
ഇവിടെ ഇപ്പോൾ ആശംസയര്‍പ്പിച്ച ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പന്‍, ഞാന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. അവിടെ ഞാന്‍ പറഞ്ഞ കാര്യങ്ങൾ മുഴുവനും ഇവിടെ ഈ വേദിയില്‍ ഇപ്പോള്‍ ആശംസാ പ്രസംഗം നടത്തവേ ഇദ്ദേഹം പറഞ്ഞു. ഇതിനെയാണ് ചൂണ്ടിയെടുക്കുക എന്ന് പറയുന്നത് . ഈ കഴിവിനെ സമ്മതിച്ചിരിക്കുന്നു ''. ബൈജു കൊല്ലംപറമ്പനെ നോക്കി ഇ.എം. രാധ പറഞ്ഞപ്പോള്‍ വേദിയിലും സ്ത്രീകള്‍ തിങ്ങിനിറഞ്ഞ സദസ്സിലും ചിരിയും കയ്യടിയും ഉയര്‍ന്നു.
തന്റെ ആശംസാ പ്രസംഗത്തില്‍ കോട്ടയം ജില്ലയില്‍ സ്ത്രീപീഡന പരാതികള്‍ ഏറുകെയാണെന്ന കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബൈജു കൊല്ലംപറമ്പന്റെ പ്രസംഗം. ''കേരള കൗമുദി റിപ്പോര്‍ട്ടർ സുനിലിനോട് സംസാരിക്കവേ ബഹുമാനപ്പെട്ട വനിതാ കമ്മീഷനംഗം പറഞ്ഞ കണക്കാണിത്.'' -ബൈജു വെളിപ്പെടുത്തി. അഭിമുഖത്തിനിടെ വനിതാ കമ്മീഷനംഗം പറഞ്ഞ മുഴുവൻ കാര്യങ്ങളും തൻ്റെ പ്രസംഗത്തിൽ ബൈജു വിശദീകരിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നായിരുന്നു ഇ.എം. രാധ, കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി വള്ളി പുള്ളി വിടാതെ വിശദീകരിക്കാനുള്ള ബൈജുവിൻ്റെ കഴിവിനെ പ്രകീര്‍ത്തിച്ചത്.
0 Comments