സുനിൽ പാലാ
കൊഴുവനാല്‍ ഗ്രാമപ്പഞ്ചായത്തിലെ പന്ന്യാമറ്റം പട്ടികജാതി കോളനി റോഡ് നന്നാക്കുന്നുവെന്ന് പേര്; കരിങ്കല്‍ക്കെട്ടി സംരക്ഷണമൊരുക്കുന്നത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെന്നും ആരോപണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള ഫണ്ടുപയോഗിച്ച് സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടിനെതിരെ പരാതി ഉയര്‍ത്തുകയാണ് കൊഴുവനാല്‍ പഞ്ചായത്ത് അധികൃതരും പന്ന്യാമറ്റം കോളനി നിവാസികളും.
കൊഴുവനാല്‍ പഞ്ചായത്തിലെ ഏക പട്ടികജാതി കോളനി പന്ന്യാമറ്റത്തുള്ള എസ്.സി. കോളനിയാണ്. ഇവിടേയ്ക്കുള്ള റോഡ് റീ ടാര്‍ ചെയ്യുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും 25 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. തോടനാല്‍ സെമിത്തേരി ഭാഗത്തുനിന്നാരംഭിച്ച് കോളനിക്കുള്ളിലൂടെ പന്ന്യാമറ്റം ജംഗ്ഷനില്‍ എത്തുന്ന വഴിയാണിത്. ആറ് മീറ്റര്‍ വീതിയെടുത്ത് റോഡിന്റെ ഇരുഭാഗത്തും സംരക്ഷണഭിത്തി കെട്ടാനായിരുന്നു നീക്കം. ഒരു ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടിയത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണെന്നാണ് ആക്ഷേപം. ഇവിടുത്തെ റബര്‍ മരത്തെപ്പോലും കെട്ടിനുള്ളിലാക്കിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
നിർമ്മാണം പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത ഭാഗത്തെന്ന് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജ്
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഇവിടെ നാലരമീറ്റര്‍ റോഡേയുള്ളൂവെന്നും ഇപ്പോള്‍ കെട്ടിയിരിക്കുന്നത് ആറ് മീറ്ററിനപ്പുറത്താണെന്നും ഇത് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്നും എട്ടാം വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് പറഞ്ഞു.
പട്ടികജാതി വകുപ്പില്‍ ചിലവഴിക്കേണ്ട ഫണ്ട് ജനറല്‍ വിഭാഗത്തിലാക്കി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സംരക്ഷണം കൊടുക്കുന്ന നടപടിക്കെതിരെ പട്ടികജാതി വകുപ്പിന് പരാഹി നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തങ്ങളുടെ
കോളനി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് റോഡ് വികസനത്തിന്റെ
പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പ്രയോജനപ്പെടുത്താന്‍
ചെലവഴിക്കുന്നതിനെതിരെ പരാതി നല്‍കുമെന്ന് കോളനിവാസികളും പറയുന്നു.
0 Comments