ഏറ്റവും തകര്‍ന്ന റോഡ് തപ്പി സിനിമാക്കാരെത്തി, കെഴുവംകുളത്തേക്ക് !




സ്വന്തം ലേഖകൻ

അടുത്തിടെ പുറത്തിറങ്ങുന്ന ഒരു സിനിമയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യാന്‍ പൊട്ടിപ്പൊളിഞ്ഞ ഒരു റോഡ് വേണമായിരുന്നു. സിനിമാക്കാര്‍ മറ്റൊന്നും ചിന്തിച്ചില്ല; നേരെ വെച്ചുപിടിപ്പിച്ചു മുത്തോലി - കൊങ്ങാണ്ടൂര്‍ റോഡിലെ കെഴുവംകുളം ഭാഗത്തേക്ക്. ഇത്രയധികം തകര്‍ന്ന വേറൊരു റോഡ് മറ്റെങ്ങും കണ്ടില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം! 

മുത്തോലി - കൊങ്ങാണ്ടൂര്‍ റോഡിന്റെ നെടുംപുറം ജംഗ്ഷന്‍ മുതല്‍ കുറുമുണ്ട ജംഗ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്ത് പാതാളക്കുഴികളാണ്. ഇരുചക്ര വാഹനങ്ങള്‍ പെട്ടുപോയാല്‍ പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാന്‍. ഇത്രയേറെ തകര്‍ന്ന റോഡിനോട് അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. 

നാല് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന വഴിയാണിത്. ചെളിനിറഞ്ഞ പാടം വഴിയാണോ ബസ് പോകുന്നതെന്ന് ഇതുവഴി ആദ്യമെത്തുന്ന യാത്രക്കാര്‍ ആശ്ചര്യപ്പെട്ടേക്കാം. റോഡില്‍ അത്രയ്ക്കുണ്ട് മണ്ണും ചെളിയും കുഴിയും. 





കെഴുവംകുളം എന്‍.എസ്.എസ് സ്‌കൂള്‍, ചേര്‍പ്പുങ്കല്‍ സ്‌കൂളും കോളേജും, കെഴുവംകുളം എല്‍.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊച്ചുകുട്ടികള്‍ പഠിക്കുന്ന കെഴുവംകുളം അംഗന്‍വാടി... ചേര്‍പ്പുങ്കല്‍ മെഡിസിറ്റി, കെഴുവംകുളം കൃഷിഭവന്‍, പ്രമുഖ ആരാധനാലയങ്ങളായ കെഴുംവംകുളം ഗുരുദേവ-സുബ്രഹ്മണ്യ ദേവീക്ഷേത്രം, ചേര്‍പ്പുങ്കല്‍ പള്ളി, കെഴുവംകുളം ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രം, ചിറക്കര വിഷ്ണുക്ഷേത്രം, ആലുംതറപ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള ഭക്തജനങ്ങളും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നിത്യേന സഞ്ചരിക്കുന്ന വഴിയാണ് അഗാധ ഗര്‍ത്തങ്ങളും ചെളിക്കുഴികളും നിറഞ്ഞിരിക്കുന്നത്. 

കുഴികളില്‍ നിന്നുള്ള പൊടിയടിച്ച് അംഗന്‍വാടിയിലെ കൊച്ചുകുട്ടികള്‍ക്ക് നിത്യവും ചുമയും ജലദോഷവും പനിയുമാണെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു.







റോഡ് നന്നാക്കിയില്ലെങ്കില്‍ നാട്ടുകാര്‍ സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരും.

ആകെത്തകര്‍ന്ന റോഡ് എത്രയുംവേഗം നന്നാക്കിയില്ലെങ്കില്‍ നാട്ടുകാര്‍ക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് കെഴുവംകുളം എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.എന്‍. രാജു പര്യാത്ത് ചൂണ്ടിക്കാട്ടി. 


കെഴുവംകുളം ഗുരുദേവ ക്ഷേത്രം ഉള്‍പ്പെടെ ആരാധനാലയങ്ങളിലേക്കും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകേണ്ട സാധാരണക്കാരായ ജനങ്ങളോട് ഇത്ര കടുത്ത അലംഭാവം അധികാരികള്‍ കാണിക്കാന്‍ പാടില്ലെന്നും രാജു പറയുന്നു.

Post a Comment

0 Comments