കൊഴുവനാലിൽ വെള്ളത്തിൽ തുരുമ്പ്, പ്രതിഷേധ തരിപ്പ്..... 52 കുടുംബങ്ങൾക്ക് ലഭിക്കുന്നത് തുരുമ്പ് കലർന്ന വെള്ളം..... പഞ്ചായത്തിൻ്റെ നേരിട്ടുള്ള ചുമതലയിലല്ല വടയാർ കുടിവെള്ള പദ്ധതി.... "കുളം കലക്കി മീൻ പിടിക്കാനും ചിലർ... "






സ്വന്തം ലേഖകൻ

കൊഴുവനാല്‍ ജനങ്ങള്‍ ഇത്രയും തുരുമ്പുവെള്ളം കുടിച്ചിട്ടും അധികാരികള്‍ക്ക് ഒരു അനക്കവുമില്ലേ...?

കൊഴുവനാല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വടയാര്‍ ജലനിധി പദ്ധതിയില്‍ നിന്ന് കുടിവെള്ളം എടുക്കുന്ന 52 കുടുംബങ്ങള്‍ ഏതാനും മാസങ്ങളായി തുരുമ്പ് കലര്‍ന്ന വെള്ളമാണ് കുടിക്കുന്നത്. വെള്ളമൊഴുക്കാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തതുമൂലമാണ് ഈ ദുഃസ്ഥിതി. 

ഇതുസംബന്ധിച്ച് വടയാര്‍ ജലനിധി ഗുണഭോക്തൃസമിതി നേതാക്കള്‍ത്തന്നെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും ഇതൊന്നും കാണാനുള്ള ''സമയം'' അധികാരികള്‍ക്കില്ല. 

ജനം എന്ത് ചെളിവെള്ളം വേണമെങ്കിലും കുടിച്ചോട്ടെ, തങ്ങളുടെ കസേരയ്ക്ക് ഇളക്കം തട്ടരുതെന്ന് മാത്രമേ അധികാരികള്‍ക്കുള്ളൂവെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. ഇതേ സമയം "കുളം കലക്കി " മീൻ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിലർ. 

പൊതുജനങ്ങള്‍ മാത്രമല്ല കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ് തന്നെ അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നു;  ''നുണപറയുന്ന ജീവനക്കാരും, ഇവിടെ എന്തു നടന്നാലും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നുപറഞ്ഞ് നടക്കുന്ന ഭരണസമിതിയുമാണ് കൊഴുവനാലുള്ളതെന്ന് "കുടിവെള്ള വിഷയം ചൂണ്ടിക്കാട്ടി രാജേഷ് തുറന്നടിച്ചു.  




കൊച്ചുകൊട്ടാരം കൊങ്ങമലക്കടവ് പാലത്തോട് ചേര്‍ന്ന കിണറ്റില്‍ നിന്നും വെള്ളമടിച്ച് വടയാര്‍ തേക്കനാല്‍ രാമചന്ദ്രന്‍ നായരുടെ പുരയിടത്തിലെ ടാങ്കിലേക്ക് എത്തിച്ച് 52 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതാണ് വടയാര്‍ ജലനിധി പദ്ധതി. 

2019 ലാണ് പദ്ധതി ആരംഭിച്ചത്. പക്ഷേ ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ പൈപ്പ് തുരുമ്പെടുത്ത് തുടങ്ങി. ഇപ്പോള്‍ ഇത് കലശലായി. മോട്ടോര്‍ ഓണാക്കിയാല്‍ തുരുമ്പിച്ച വെള്ളമാണ് പൈപ്പിലൂടെ ഒഴുകുക. ആകെ ചുവന്ന് രക്തത്തിന്റെ കളറിലുള്ള തുരുമ്പുവെള്ളം. ടാങ്ക് പലവട്ടം കഴുകി  കഴിയുന്നത്ര ഈ വെള്ളം  ഊറ്റിയെടുത്താണിപ്പോൾ വിതരണം.











നിലവിലെ പമ്പിംഗ് ലൈന്‍ മാറ്റിയെങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്ന് വടയാര്‍ ജലനിധി ഗുണഭോക്തൃസമിതി കണ്‍വീനര്‍ രതീഷ് തേക്കനാല്‍ പറയുന്നു. പൈപ്പ് മാറ്റി എച്ച്.ഡി. അല്ലെങ്കില്‍ പി.വി.സി. പൈപ്പ് ഇടണമെങ്കില്‍ ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. രണ്ടര കിലോമീറ്റര്‍ ദൂരം ഇങ്ങനെ പൈപ്പിടേണ്ടതുണ്ടെന്നും രതീഷ് പറയുന്നു.


ജനം ഇത്രയും മാലിന്യംനിറഞ്ഞ വെള്ളം കുടിച്ച വിവരം അറിഞ്ഞിട്ടും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ഒഴികെ മറ്റാരും തങ്ങളെയൊന്ന് വിളിച്ച് വിവരം തിരക്കാന്‍ പോലും മെനക്കെട്ടിട്ടില്ലെന്നും ഗുണഭോക്തൃസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. 







പൈപ്പ് മാറ്റല്‍ മാത്രമാണ് പരിഹാരം. - രമ്യാ രാജേഷ് വാർഡ് മെമ്പർ

പൈപ്പ് മാറ്റല്‍ മാത്രമാണ് ശാശ്വത പരിഹാരം. ജല്‍ജീവന്‍ മിഷനില്‍ നിന്നും ഫണ്ട് ലഭ്യമാക്കിക്കൊണ്ട് ഇത് ചെയ്യാന്‍ സാധിക്കുമോയെന്ന് ഞങ്ങള്‍ പരിശോധിച്ച് വരികയാണ്. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള തീവ്രശ്രമങ്ങള്‍ നടക്കുകയാണെന്നും  രമ്യ രാജേഷ് പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments