സുനിൽ പാലാ
" ഇതിയാൻ്റെ കുടി നിർത്താൻ വല്ലതും ചെയ്യാൻ പറ്റ്വോ സാറെ.... എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ ഇയാളുടെ കുടിയാ കാണുന്നെ.... അതാദ്യം ചികിത്സിയ്ക്ക് എന്നിട്ട് മതി എനിക്ക് .... സ്വന്തം പിതാവിനെ ചൂണ്ടി ഒരു 17 കാരൻ അലറുകയാണ്....
മദ്യത്തിന് അടിമയായ പ്ലസ് ടു വിദ്യാർത്ഥിയെ ചികിത്സിക്കാനായി പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി ചികിത്സാ കേന്ദ്രത്തിലെത്തിച്ചപ്പോഴായിരുന്നൂ ഈ രോഷപ്രകടനം. ശിഥിലമായ കുടുംബ ബന്ധങ്ങളാണ് പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ മദ്യ-മയക്കുമരുന്ന് ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്നത് എന്നതിൻ്റെ ഉദാഹരണമായിരുന്നു ഈ 17 കാരൻ്റെ അമർഷം നിറഞ്ഞ വാക്കുകൾ.
മകൻ്റെ വാക്ക് കേട്ട് മദ്യപനായ പിതാവിന് തല കുമ്പിട്ടിരിക്കാനേ കഴിഞ്ഞുള്ളൂവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
"10 വയസ്സു മുതൽ 18 വയസ്സുവരെയുള്ള നമ്മുടെ കുട്ടികൾ, കൂടുതലും പെൺമക്കൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി മാറുന്നൂവെന്ന് കേട്ടാൽ ഞെട്ടരുത്; സംഗതി സത്യമാണ്. ചികിത്സാ അനുഭവത്തിൽ നിന്നാണ് ഞങ്ങളിത് പറയുന്നത്. " - പാലാ ജനറൽ ആശുപത്രിയിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ശ്രീജിത്തും, സൈക്യാട്രിക് കൗൺസിലർ ആശാ മരിയാ പോളും മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
നമ്മുടെ മക്കൾ അനാവശ്യമായി പണം ആവശ്യപ്പെടുന്നുണ്ടെങ്കിൽ, വീട്ടു സാധനങ്ങൾ മോഷ്ടിച്ചു വിൽക്കുന്നുണ്ടെങ്കിൽ, ഭയമോ ഉത്കണ്ഠയോ കാണിക്കുന്നുണ്ടെങ്കിൽ, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം കാണിക്കുന്നുണ്ടെങ്കിൽ .... ഒന്നു ശ്രദ്ധിക്കണേ; ഒരു പക്ഷേ വലിയൊരു ആപത്തിൽപ്പെട്ടതിൻ്റെ - മയക്കുമരുന്നിൻ്റെ പിടിയിൽപ്പെട്ടതിൻ്റെ ലക്ഷണങ്ങളാവാം ഇത് - ഡോ. ശ്രീജിത്ത് വിശദീകരിച്ചു.
മനസ്സു മരവിച്ച് പോകുന്ന സംഭവ കഥകളാണ് നമ്മുടെ യുവതലമുറയെപ്പറ്റി, പെൺമക്കളെപ്പറ്റിയൊക്കെ ലഹരി ചികിത്സാ കേന്ദ്രം അധികൃതർ വെളിപ്പെടുത്തിയത്.ആദ്യം മൂന്നു -നാലു തവണ ഫ്രീയായി കിട്ടുന്ന മയക്കുമരുന്നിന് പിന്നീട് കുട്ടികൾ അടിമകളാവുകയാണ്. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ വരെ മയക്കുമരുന്ന് ക്യാരിയേഴ്സ് ആകുന്ന കാലമാണിത്.
" മാതാ - പിതാക്കളുടെ ഒരു ഗ്രൂപ്പിനോ, കുട്ടികൾക്കോ, മറ്റ് സന്നദ്ധ സംഘടനാ വേദികളിലോ, സ്കൂളുകളിലോ, കോളജുകളിലോ, ആരാധനാലയങ്ങളിലോ, എവിടെയായാലും ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി ക്ലാസ്സെടുക്കാൻ ഞങ്ങൾ തയ്യാറാണ്. എങ്ങനെയും നമ്മുടെ കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ചികിത്സയ്ക്കൊപ്പം മയക്കു മരുന്നുപയോഗത്തിലെ നിയമ വശങ്ങളെപ്പറ്റി സംസാരിക്കാൻ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഞങ്ങളോടൊപ്പം ക്ലാസ്സുകൾക്കായി വരും... ദയവായി ഒരു ക്ലാസ്സെങ്കിലും സംഘടിപ്പിക്കാൻ എല്ലാവരും മുൻകൈ എടുക്കണം.... " ഡോ. ശ്രീജിത്തും, ആശാ മരിയ പോളും അഭ്യർത്ഥിക്കുന്നു.
ക്ലാസ്സുകൾ എടുക്കാൻ വിളിക്കേണ്ട നമ്പർ-
62 38 60 02 51
( രാവിലെ 10-നും ഉച്ചയ്ക്ക് 1-നും ഇടയിൽ വിളിച്ചാൽ ഡോക്ടറുമായി നേരിട്ട് സംസാരിക്കാവുന്നതാണ്)




0 Comments