വക്കീലന്മാർക്ക് വേണ്ട; വേയ്സ്റ്റാകുമോ ലോയേഴ്സ് ചേംബർ ...... ലേലത്തിനു വെച്ചത് 72 മുറികൾ, ലേലം കൊണ്ടത് 5 എണ്ണം മാത്രം.... പാലാ നഗരസഭാധികൃതർ ഇട്ട വിലയിടിക്കാൻ ആസൂത്രിത നീക്കം... കാത്തിരുന്നാൽ ചുളുവിൽ കിട്ടുമെന്ന പ്രചരണവും



സുനിൽ പാലാ

കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലാ ലോയേഴ്‌സ് ചേംബര്‍ ആര്‍ക്കും വേണ്ട! പാലാ കോടതി സമുച്ചയത്തോട് ചേര്‍ന്ന് മൂന്നാനിയില്‍ അഭിഭാഷകര്‍ക്കായി പാലാ നഗരസഭ നിര്‍മ്മിച്ച ലോയേഴ്‌സ് ചേംബര്‍ കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്റെ മുറികള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ല.!
!

ബുധനാഴ്ച നഗരസഭാ അധികൃതര്‍ നടത്തിയ ലേലത്തില്‍ 9 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇവരില്‍ അഞ്ചുപേര്‍ മാത്രമാണ് മുറിയെടുത്തത്. 72 മുറികള്‍ ഉള്ള ലോയേഴ്‌സ് ചേംബറില്‍ 67 മുറികളും കാലി!

മൂന്നരക്കോടി രൂപ മുടക്കിയാണ് നഗരസഭാ അധികൃതര്‍ ഈ ബഹുനില കെട്ടിടം പണിതുയര്‍ത്തിയത്. കഴിഞ്ഞ 23-ാം തീയതി ആയിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇതിന്റെ ലേലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ലേലത്തില്‍ 9 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ക്വൊട്ടേഷന്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

പാലായില്‍ 200-ല്‍പരം അഭിഭാഷകരാണുള്ളത്. എന്നാല്‍ പാലായിലെ കോടതിയോട് ചേര്‍ന്നുള്ള നഗരസഭാ ലോയേഴ്‌സ് ചേംബറിലെ മുറികളെടുക്കാന്‍ മിക്ക അഭിഭാഷകര്‍ക്കും താത്പര്യമില്ലെന്ന് ആദ്യദിവസത്തെ ലേലനടപടികള്‍ സൂചിപ്പിക്കുന്നു.




മൂന്നുനിലകളിലും ലക്ഷക്കണക്കിന് രൂപയുടെ ഡിപ്പോസിറ്റ് ചോദിക്കുന്നതാണ് പ്രധാനമായും വക്കീലന്‍മാര്‍ ലേലത്തില്‍ നിന്ന് വലിഞ്ഞുനില്‍ക്കാന്‍ കാരണം. ആദ്യഘട്ടത്തില്‍ വേണ്ടത്ര ആളുകള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ എത്താത്ത സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ തുക ഗണ്യമായി കുറയ്ക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഈ സാഹചര്യം വരുന്നത് കാത്തിരിക്കുകയാണ് ഒരു വിഭാഗം.

മുറികളുടെ വലിപ്പക്കുറവും പല അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. 180 ചതുരശ്ര അടിയാണ് ഒരു മുറിയുടെ അളവ്. ഇതില്‍ തന്നെ ബാത്ത്‌റൂമും ഉള്‍ക്കൊള്ളുന്നു. ബാക്കി വരുന്ന 140 മുതല്‍ 150 ചതുരശ്ര അടിവരെയുള്ള സ്ഥലമേ ഓഫീസ് ഉപയോഗത്തിന് ലഭിക്കൂ. ഇത് താരതമ്യേന സൗകര്യക്കുറവാണ് സൃഷ്ടിക്കുന്നതെന്നാണ്  അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രഗത്ഭരായ അഭിഭാഷകര്‍ക്ക് പാലായില്‍ പതിറ്റാണ്ടുകളായുള്ള ഓഫീസുകളുണ്ട്. ഇതാകട്ടെ സാധാരണക്കാര്‍ക്ക് ചിരപരിചിതവുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ലാവണം വിട്ടൊഴിഞ്ഞ് മൂന്നാനിയിലേക്ക് പോകാന്‍ പ്രഗത്ഭരായ അഭിഭാഷകര്‍ തയ്യാറാകുന്നുമില്ല.



ജുഡീഷ്യല്‍ കോംപ്ലക്‌സ് പരിസരത്തേക്ക് നിലവില്‍ 50 ഓളം അഭിഭാഷകര്‍ മാത്രമേ തങ്ങളുടെ ഓഫീസ് മാറ്റിയിട്ടുള്ളൂ. ബാക്കിയെല്ലാവരുടെയും പാലാ ടൗണിലെ ഓഫീസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 72 മുറികളില്‍ കേവലം 5 എണ്ണം മാത്രമേ ലേലത്തില്‍ പോയുള്ളൂ എന്നത് നഗരസഭാ അധികാരികളെയും ഞെട്ടിക്കുകയാണ്. വന്‍തുക ലോണെടുത്താണ് ഈ ലോയേഴ്‌സ് ചേംബര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments