കൊഴുവനാല്‍ പന്ന്യാമറ്റം കോളനി റോഡ് നിർമ്മാണത്തിൽ "വഴി " മാറാതെ വിവാദം... പന്ന്യാമറ്റം പട്ടികജാതി കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണം വിവാദമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായി പഠിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊഴുവനാല്‍ പഞ്ചായത്ത് കമ്മറ്റിയോഗം തീരുമാനിച്ചു.





സുനിൽ പാലാ

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പട്ടികജാതി വിഭാഗത്തിനുള്ള ഫണ്ട് ഉപയോഗിച്ച് റോഡിന് സംരക്ഷണഭിത്തി കെട്ടിയെതിനെ ചൊല്ലി കൊഴുവാനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജും ഇതിനായി ഫണ്ട് അനുവദിപ്പിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നൂ കൊഴുവനാൽ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നത്.


 കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍  മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസാണ് പന്ന്യാമറ്റം കോളനി റോഡ് വിഷയം ഉന്നയിച്ചത്. ഇതേ സമയം യു.ഡി.എഫ്. മെമ്പര്‍മാരാകട്ടെ സ്വന്തം മുന്നണിയിലെ ജില്ലാ പഞ്ചായത്ത് മെമ്പറെ സഹായിക്കുന്ന ഒരു നിലപാടും യോഗത്തിൽ സ്വീകരിച്ചുമില്ല.

പന്ന്യാമറ്റം കോളനി റോഡില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് റോഡ് പുനരുദ്ധാരണം നടക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കണമമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്കും പട്ടികജാതി വികസന ഓഫീസര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ഇതിന്റെ മറുപടി ലഭിച്ചതിന് ശേഷം പഞ്ചായത്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് കമ്മറ്റിയെ അറിയിച്ചു.

ഇതോടൊപ്പം മേലില്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ പഞ്ചായത്തിനെ മുൻകൂറായി  അറിയിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചതായി പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു.  


പഞ്ചായത്ത് അധികൃതരെ പലവട്ടം സമീപിച്ചു; ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാന്‍ അനുവാദം തന്നില്ലെന്ന് കെൽ പ്രതിനിധി.... ആരോട് ചോദിച്ചിട്ടാണ് ലൈറ്റ് സ്ഥാപിച്ചതെന്ന് പ്രസിഡൻ്റ്

ഇതേസമയം പന്ന്യാമറ്റം പട്ടികജാതി  കോളനിയിലെ ഹൈമാസ്‌ററ് ലൈറ്റുകള്‍ കത്തിക്കാത്തത് പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണെന്ന് ലൈറ്റ് സ്ഥാപിച്ച കെല്‍-ന്റെ പ്രതിനിധി സഞ്ജയ്  "യെസ് വാർത്ത" യോട് പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വര്‍ക്കില്‍പെടുത്തി ലൈറ്റിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയും അനുമതി പത്രത്തിനായി സെക്രട്ടറിയെ പലതവണ സമീപിക്കുകയും ചെയ്തതാണ്. എന്നാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുവാദം ഇല്ലാതെ ഒപ്പിട്ട് തരാന്‍ കഴിയില്ലെന്നാണ് സെക്രട്ടറി അറിയിച്ചതെന്ന് കെല്‍ പ്രതിനിധി പറയുന്നു.

 ഇതുസംബന്ധിച്ച് നേരത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുംവിധമാണ് കെല്‍ പ്രതിനിധിയുടെയും അഭിപ്രായം.

ലൈറ്റ് തെളിക്കാനുള്ള അനുമതിക്കായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജിന്റെ വാദം. ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയിക്കുക കൂടിയാണ് കെല്‍ അധികൃതര്‍. ഇത് സംബന്ധിച്ച ഫയല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ കൈവശം ഉണ്ടെന്നും കെല്‍ അധികൃതര്‍ പറയുന്നു.






എന്നാൽ കറൻറ് കണക്ഷൻ്റെ കാര്യമല്ല പ്രശ്നമെന്നും ഇങ്ങനെ പന്ന്യാമറ്റം കോളനിയിൽ ഹൈമാസ്റ്റ്  ലൈറ്റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് അനുമതി തേടിയിരുന്നില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാദം.

പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അധികൃതർ നിയമാനുസൃതം
അനുവാദം വാങ്ങിയിരുന്നു.

എന്നാൽ പന്ന്യാമറ്റം കോളനിയിൽ അനുവാദം കൂടാതെ തന്നെ ലൈറ്റുകൾ സ്ഥാപിക്കുകയാണുണ്ടായതെന്നും തെളിവുകൾ നിരത്തി  പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജ് വിശദീകരിക്കുന്നു.
 
 
 
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments