റവ.ഫാ.മൈക്കിൾ മേനാംപറമ്പിൽ പറയുന്നു, വീരപ്പൻ അവർക്ക് ദൈവദൂതൻ.... എല്ലാവരുടെയും മനസ്സിൽ വില്ലൻ പരിവേഷമാണ് വീരപ്പനെങ്കിൽ സത്യമംഗലത്തെ സാധാരണക്കാർക്ക് അങ്ങനെ ആയിരുന്നില്ലെന്നും അവിടെ പള്ളിയിൽ വികാരിയായിരുന്ന മൈക്കിളച്ചൻ....




സുനിൽ പാലാ



 ''ഇപ്പോഴും വീരപ്പനെ ആരാധിക്കുകയും മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു തലമുറ സത്യമംഗലത്തുണ്ട്. അവര്‍ക്കും അവരുടെ മുന്‍തലമുറയ്ക്കും കണ്‍കണ്ട ദൈവമായിരുന്നു വീരപ്പന്‍. ഭക്ഷണത്തിന് ഭക്ഷണം, മരുന്നിന് മരുന്ന്, എല്ലാം എത്തിച്ചുകൊടുത്തിരുന്ന ദൈവദൂതന്‍...'' പറയുന്നത് വീരപ്പന്റെ വിഹാരരംഗമായിരുന്ന തമിഴ്‌നാട് - കര്‍ണ്ണാടക അതിര്‍ത്തിയിലെ സത്യമംഗലം കാടിനോട് ചേര്‍ന്നുള്ള നഗലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ മുന്‍വികാരിയും മലയാളിയുമായ റവ. ഫാ. മൈക്കിള്‍ മേനാംപറമ്പില്‍.

2004 ഒക്‌ടോബര്‍ 18 നാണ് വീരപ്പന്‍ കൊല്ലപ്പെട്ടത്. ഇന്നേയ്ക്ക് 18 വര്‍ഷം മുമ്പ്. അന്ന് നഗലൂര്‍ പള്ളി വികാരിയായിരുന്നു മൈക്കിളച്ചന്‍.

''വീരപ്പന്‍ സമ്പാദിച്ചതില്‍ വലിയൊരു പങ്ക് സാധുജനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. വീരപ്പനില്‍ നിന്ന് പണവും മറ്റും ലഭിച്ചിരുന്ന നിരവധി പേരെ എനിക്ക് നേരിട്ടറിയാം'' ഫാ. മൈക്കിള്‍ പറഞ്ഞു.


നഗലൂര്‍ പള്ളിയുടെ ഒരു കുരിശുപള്ളി അന്ന് ഉള്‍വനത്തില്‍ സ്ഥിതി ചെയ്തിരുന്നു. കാട്ടില്‍ പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. ''വനത്തില്‍ ചിന്നപ്പന്‍'' എന്ന പേരില്‍ പ്രശസ്തമായ അന്തോണീസ് പുണ്യാളനായിരുന്നു ഇവിടുത്തെ മദ്ധ്യസ്ഥന്‍. പലപ്പോഴും വീരപ്പനും സംഘവും ഈ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നതായി നാട്ടുകാരില്‍ നിന്നും വിവരം ലഭിച്ചിരുന്നുവെന്ന് മൈക്കിളച്ചന്‍ പറഞ്ഞു. എല്ലാ മാസവും ആദ്യശനിയാഴ്ചയാണ് അവിടെ പ്രാര്‍ത്ഥന നടക്കുന്നത്. ഉള്‍വനത്തില്‍ ഒരു അരുവിയോട് ചേര്‍ന്നുള്ള വനത്തില്‍ ചിന്നപ്പന്‍ പള്ളിയില്‍ പൊങ്കല്‍ ആണ് പ്രധാന നേര്‍ച്ച. എല്ലാവരും ചേര്‍ന്ന് അന്ന് പൊങ്കല്‍ കഴിക്കും.

2002 ലെ ഒരു പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട് പോലീസിലെ ഒരു സംഘം മൈക്കിളച്ചനെ തേടിയെത്തി. വീരപ്പന്‍ രണ്ട് മാസത്തിലൊരിക്കലെങ്കിലും വനത്തില്‍ ചിന്നപ്പന്‍പള്ളിയില്‍ എത്താറുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും പള്ളിയില്‍ തങ്ങളെ തങ്ങാന്‍ അനുവദിക്കണമെന്നുമായിരുന്നു പോലീസിന്റെ അപേക്ഷ. പിന്നീട്‌വീരപ്പനെ പിടികൂടാന്‍ ഒരു മാസത്തോളം പോലീസ് സംഘം വേഷപ്രച്ഛന്നരായി ഈ പള്ളിയില്‍ തങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന 82 കാരനായ മൈക്കിളച്ചന്‍ ഓര്‍ത്തെടുത്തു.

നാട്ടുകാര്‍ക്കെല്ലാം സഹായി ആയിരുന്നതിനാല്‍ വീരപ്പനെ ഒരിക്കലും അവര്‍ ഒറ്റുകൊടുത്തിരുന്നില്ല. പല ഉന്നത നേതാക്കളും വീരപ്പനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണെന്നും അക്കാലത്ത് ജനസംസാരമുണ്ടായിരുന്നതായി ഫാ. മൈക്കിള്‍ പറഞ്ഞു. 



പ്രസിദ്ധമായ വേളാങ്കണ്ണിപ്പള്ളി വികാരിയായും സേവനം ചെയ്തിട്ടുള്ള റവ. ഫാ. മൈക്കിള്‍ ഏഴ് വര്‍ഷം മുമ്പ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചു. പാലായിലെ പുരാതന ക്രൈസ്തവ കുടുംബമായ മേനാംപറമ്പില്‍ തറവാട്ടിലെ പാപ്പച്ചന്‍ - അന്നമ്മ ദമ്പതികളുടെ 12 മക്കളില്‍ മൂന്നാമനാണ് ഫാ. മൈക്കിള്‍. പാലാ സെൻ്റ് തോമസ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ ശേഷമാണ് സെമിനാരിയിൽ ചേർന്നത്.

ആസാം ഗുവാഹട്ടി മുന്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന റൈറ്റ് റവ. ഡോ. തോമസ് മേനാംപറമ്പില്‍ ഫാ. മൈക്കിളിൻ്റെ മൂത്ത സഹോദരനാണ്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ഫാ. മൈക്കിള്‍ ഇന്നലെയാണ് പാലാ വെള്ളിയേപ്പള്ളിയിലുള്ള അനുജന്‍ അലക്‌സ് മേനാംപറമ്പിലിന്റെ വീട്ടിലെത്തിയത്. ഇനി ഒരു മാസം ഇവിടെ ഉണ്ടാകും.






"വീരപ്പനെ വിഷം കൊടുത്തു കൊന്നുവെന്നാണ് ജനവിശ്വാസം''

കാട്ടില്‍ നിന്ന് ആംബുലന്‍സില്‍ കണ്ണ് ചികിത്സയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ട വീരപ്പനെ പാരപ്പട്ടി എന്ന സ്ഥലത്ത് വച്ച് തമിഴ്‌നാട് പോലീസ് ആസൂത്രിതമായി കൊലപ്പെടുത്തിയ കഥയാണ് നമ്മള്‍ കേട്ടിട്ടുളളതെങ്കിലും അവിടുത്തെ ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത് മറ്റൊരു കാര്യമാണെന്ന് മൈക്കിളച്ചന്‍ പറയുന്നു; വീരപ്പന്റെ ഒരു അടുത്ത ബന്ധു പാലില്‍ പ്രത്യേകതരം വിഷവസ്തു ചേര്‍ത്ത് വീരപ്പനെ കൊലപ്പെടുത്തി എന്നും പിന്നീട് മൃതദേഹം കൊണ്ടുവരുന്ന വഴി പോലീസ് വെടിവെച്ചു എന്നുമാണ് സത്യമംഗലത്തെ ജനങ്ങളില്‍ ഏറിയപങ്കും ഇന്നും വിശ്വസിക്കുന്നതെന്ന് മൈക്കിളച്ചന്‍ പറയുന്നു.
 
 
 
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments