സഹനം ഗുണവര്‍ദ്ധകമാണെന്നും മണ്ണോട് ചേരാത്ത വിത്ത് ഫലം നല്‍കുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാ രഹസ്യം കണ്ടെത്തിയവളാണ് അല്‍ഫോന്‍സാമ്മയെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
സഹനം നമ്മുടെ ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഘടകമാണ്. അറിയപ്പെടാതിരുന്ന ഒരു യുവസന്യാസിനി തന്റെ സഹനം കൊണ്ടുതന്നെ ഒരു വിശുദ്ധ സൂനമായി മാറി എന്നതു മാത്രമല്ല സാര്‍വ്വത്രിക സഭയ്ക്കു തന്നെ ഒരു മുതല്‍ക്കൂട്ടായി മാറി. അനുപമമായ ഒരു വലിയ ദൈവീക സാന്നിദ്ധ്യത്തിന്റെ അടയാളമാണ് വിശുദ്ധ അല്‍ഫോന്‍സാ. എല്ലാ മതക്കാര്‍ക്കും അമ്മ ഒരു ആത്മീയ മാതൃകയാണ്.
കര്‍ത്താവ് നമുക്ക് കാരുണ്യപൂര്‍വ്വം അനുവദിച്ചുതന്ന വിശുദ്ധയാണ് അല്‍ഫോന്‍സാ. ദൈവത്തോട് ചേര്‍ന്ന് നിന്ന് നന്നായി ജീവിക്കാന്‍ ശ്രമിക്കണമെന്നാണ് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫാ. സിറില്‍ തയ്യില്‍, ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. സെബാസ്റ്റ്യന്‍ അടപ്പശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് അമ്മയുടെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത്.






0 Comments