പ്രിയപ്പെട്ട ചാച്ചിയുടെ ഓര്‍മ്മപ്പൂക്കളായി ഒന്‍പത് വീടുകള്‍ ഒരുങ്ങി, പാവപ്പെട്ടവര്‍ക്കായി... വീടുകളുടെ താക്കോല്‍ദാനം 29 ന്... പത്രസമ്മേളനത്തിന്റെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



പ്രിയപ്പെട്ട ചാച്ചിയുടെ ഓര്‍മ്മപ്പൂക്കളായി 'ഏഴാച്ചേരി ചാച്ചീസ് ഗാര്‍ഡനില്‍' ഒന്‍പത് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുങ്ങി.

'ചാച്ചി' എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ഏഴാച്ചേരി പെരികിലമലയില്‍ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭര്‍ത്താവ് ഫ്രാന്‍സീസ് ജോസഫ് (കൊച്ചേട്ടന്‍) ഒന്‍പത് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്.

ചാച്ചിയുടെ പൂന്തോട്ടത്തില്‍ (ചാച്ചീസ് ഗാര്‍ഡന്‍) ഒരുങ്ങിയ ഈ ഒന്‍പത് വീടുകളുടെ വെഞ്ചിരിപ്പും ഗൃഹപ്രവേശവും 29 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

വീഡിയോ ഇവിടെ കാണാം.👇👇👇

 





ദീര്‍ഘകാലം അമേരിക്കയിലായിരുന്നു കൊച്ചേട്ടനും കുടുംബവും. ഇരുപത് വര്‍ഷം മുമ്പ് നാട്ടില്‍വന്ന് സ്ഥിരതാമസമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ 29-നാണ് ഏലിക്കുട്ടി എന്ന ചാച്ചി നിത്യതയിലേക്ക് യാത്രയായത്. ഇവരുടെ ഇരട്ടമക്കളായ ജോഫ്‌സണും അലിസണും കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കയിലാണ്. സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ എന്നും സഹായിക്കാനുള്ള സന്‍മനസ്സ് ചാച്ചിക്കും കൊച്ചേട്ടനുമുണ്ടായിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പറ്റുന്നത്ര സഹായം ചെയ്യുക എന്നത് ചാച്ചിയുടെ ജീവിതാഭിലാഷവുമായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഒന്നാം ചരമവാര്‍ഷികദിനമായ ജൂലൈ 29 ന് ഒന്‍പത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ കൊച്ചേട്ടന്‍ പദ്ധതിയിട്ടത്.

ഇതിനായി സ്വന്തം സ്ഥലത്ത് ഇപ്പോഴത്തെ വീടിനോട് ചേര്‍ന്ന അരയേക്കറോളം സ്ഥലം ഒന്‍പത് പ്ലോട്ടുകളായി തിരിച്ചു. സ്ഥലം പാവപ്പെട്ടവര്‍ക്ക് എഴുതി നല്‍കി അവിടെ സ്വന്തം പണം കൊണ്ട് മനോഹരമായ ഒന്‍പത് വീടുകളാണിപ്പോള്‍ കൊച്ചേട്ടന്‍ പണിത് നല്‍കിയിരിക്കുന്നത്. 


 
പെരികിലമലയില്‍ ''ചാച്ചീസ് ഗാര്‍ഡന്‍'' എന്ന് പേരിട്ടിരിക്കുന്ന ഈ ഭവനസമുച്ചയത്തിലെ ഓരോ വീടും 700 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. ഓരോ വീടിനും പതിനൊന്ന് ലക്ഷത്തില്‍പരം രൂപാ മുതല്‍മുടക്കുണ്ട്. എ.കെ.സി.സി. ഏഴാച്ചേരി യൂണിറ്റിന്റെ മേല്‍നോട്ടത്തിലാണ് ഈ വീടുകള്‍  നിര്‍മ്മിച്ചത്. ഇടുക്കി സ്വദേശി വി.റ്റി. രാമചന്ദ്രനാണ് ഒന്‍പത് വീടുകളുടെയും നിര്‍മ്മാണത്തിന് കരാറെടുത്തിരുന്നത്. അഞ്ചു മാസം കൊണ്ട് വീടുകളെല്ലാം ഭംഗിയായി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 
 


29 ന് രാവിലെ 10.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീടുകള്‍ വെഞ്ചിരിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള സമ്മേളനത്തില്‍ വീടുകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും.  ഒന്‍പത് നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കിയ കൊച്ചേട്ടനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഭവന സമുച്ചയ വളപ്പില്‍ സ്ഥാപിച്ച ചാച്ചിയുടെ പ്രതിമയുടെ അനാച്ഛാദനം മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. വീടുകളുടെ താക്കോല്‍ദാനം കൊച്ചേട്ടന്‍ നിര്‍വ്വഹിക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഏ.കെ.സി.സി. രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി, ഏ.കെ.സി.സി. ഭാരവാഹികളായ ബിനോയി ജോസഫ് പള്ളത്ത്, അജോ തോമസ് തൂണുങ്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏഴാച്ചേരി ഏ.കെ.സി.സി. ഏഴാച്ചേരി യൂണിറ്റിനെയും നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ സോജന്‍ അഗസ്റ്റിന്‍ കാവളക്കാട്ടിലിനെയും കരാറുകാരന്‍ രാമചന്ദ്രനെയും സമ്മേളനത്തില്‍ ആദരിക്കും.

പത്രസമ്മേളനത്തില്‍ ഫ്രാന്‍സീസ് ജോസഫ് (കൊച്ചേട്ടന്‍), കൊച്ചേട്ടന്റെ മകന്‍ ജോഫ്‌സണ്‍, ഏ.കെ.സി.സി. ഭാരവാഹികളായ ബിനോയ് ജോസഫ്, സോജന്‍ കാവളക്കാട്ട്, റെജി പള്ളത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments