സ്വന്തം ലേഖകൻ
കാലവും, ചരിത്രവും ഉളള കാലത്തോളം ചാച്ചീസ് ഗാർഡനും പെരികിലമലയിൽ കുടുംബവും ഓർമ്മിക്കപ്പെടുമെന്ന് സഹകരണ , രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
ഏഴാച്ചേരി പെരികിലമലയിൽ ചാച്ചി എന്നു വിളിക്കുന്ന ഏലിക്കുട്ടി ജോസഫിന്റെ സ്മരണക്കായി ഭർത്താവ് ഫ്രാൻസിസ് ജോസഫ് നിർമ്മിച്ച 9 വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായി ഒരു വീടില്ലാത്തവർക്കേ വീടിന്റെ വിലയറിയു. പ്രിയതമയുടെ ഓർമ്മയ്ക്കായി താജ്മഹൽ നിർമ്മിച്ച ഷാജഹാനെപ്പോലെ സ്വന്തം ഭാര്യ ചാച്ചിയുടെ ഓർമ്മയ്ക്കായി ചാച്ചീസ് ഗാർഡൻ നിർമ്മിച്ച കൊച്ചേട്ടൻ എന്ന ഫ്രാൻസീസ് ജോസഫ് അറിയപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. കൊച്ചേട്ടൻ ( ഫ്രാൻസിസ് ജോസഫ്, ) സ്വർഗത്തിൽ വീടു പണി തുടങ്ങിയതായി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. യേശു ക്രിസ്തു സുവിശേഷത്തിൽ പറഞ്ഞതു പോലെ തന്റെ ഒരു ഭാഗം ഇല്ലാത്തവന് കൊടുത്ത പോലെയാണന്നും അദ്ദേഹം പറഞ്ഞു. വീടുകളുടെ താക്കോൽദാനം ഫ്രാൻസീസ് ജോസഫ് നിർവ്വഹിച്ചു.
ദീർഘകാലം അമേരിക്കയിലായിരുന്ന ഫ്രാൻസിസ് ജോർജും (കൊച്ചേട്ടനും ) കുടുംബവും അമേരിക്കയിലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 29 നായിരുന്നു ഭാര്യ ഏലിക്കുട്ടിയുടെ നിര്യാണം.
ഭാര്യയുടെ ഓർമ്മയ്ക്കായി ഒന്നാം വാർഷിക ദിനത്തിലാണ് ഒൻപതു വീടുകൾ നിർമ്മിച്ചത്.സ്വന്തം സ്ഥലത്ത് വീടി നോട്ചേർന്ന് അരയേക്കറോളം സ്ഥലം ഒൻപതു പ്ലോട്ടു കളായി തിരിച്ച് സ്ഥലം വിട്ടു നല്കിയ ശേഷമാണ് 700 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചത്. ഓരോ വീടിനും പതിനൊന്നു ലക്ഷത്തിൽപ്പരം രൂപ മുതൽ മുടക്കുണ്ട്.
ഏഴാച്ചേരി എ. കെ. സി. സി. യൂണിറ്റിനായിരുന്നു നിർമ്മാണച്ചുമതല മാണി. സി. കാപ്പൻ എം. എൽ. എ. ഏലിക്കുട്ടി ജോസഫ് ( ചാച്ചി )ന്റെ പ്രതിമ അനാഛാദനം ചെയ്തു. തോമസ് ചാഴികാടൻ എം. പി. മുഖ്യ പ്രഭാഷണം നടത്തി.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, എ കെ. സി. സി. രൂപത ഡയക്ടറും രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി വികാരി റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ, എ. കെ. സി. സി. പാലാ രൂപത പ്രസിഡന്റ് എമ്മാനുവൽ നിധീരി ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, എ. കെ. സി. സി. യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോസഫ് പള്ളത്ത്, എ. കെ. സി. സി. മേഖല സെക്രട്ടറി അജോ തോമസ് തൂണുങ്കൽ എന്നിവർ സംസാരിച്ചു.ചടങ്ങുകൾക്ക് ജോഫ്സൺ, അലിസൺ എന്നിവർ നേതൃത്വം നല്കി.




0 Comments