കുട്ടികള്‍ നല്ല വ്യക്തിത്വമുള്ളവരായി വളരണമെന്നും അതിന് വിശുദ്ധ അല്‍ഫോന്‍സാമ്മ കുട്ടികള്‍ക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി പറഞ്ഞു.
വിശുദ്ധ അല്‍ഫോന്‍സാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സ്‌കൂളില്‍ അല്‍ഫോന്‍സാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. മൈക്കിള്‍ ചീരാംകുഴി.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ ധന്യത നേടിയ വാകക്കാട് സ്‌കൂള്‍ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പാലാ രൂപതയില്‍പ്പെട്ട വാകക്കാട് സ്‌കൂള്‍ വി. അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്താല്‍ ധന്യത നേടിയ സ്‌കൂളാണ്. 1932 കാലഘട്ടങ്ങളിലാണ് അല്‍ഫോന്‍സാമ്മ വാകക്കാട് സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അല്‍ഫോന്‍സാമ്മ, തങ്ങളുടെ വേദനകളില്‍ മാതാപിതാക്കള്‍ക്കും എന്നും സമീപസ്ഥയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് അക്ഷരങ്ങളും ഗണിതത്തിന്റെ ബാലപാഠങ്ങളും പകര്‍ന്നു കൊടുക്കുന്നതിനൊപ്പം കാരുണ്യവും സ്‌നേഹവും കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പകര്‍ന്നു കൊടുക്കുന്നതിന് അല്‍ഫോന്‍സാമ്മ എന്ന അധ്യാപികക്ക് കഴിഞ്ഞിരുന്നുവെന്ന് അക്കാലത്തെ വിദ്യാര്‍ത്ഥികള്‍ ഓര്‍മിച്ചിരുന്നു.
മലയോര ഗ്രാമമായ വാകക്കാട് ദാരിദ്ര്യത്തിലും ദുരിതങ്ങളിലും വേദനകളിലും കഴിഞ്ഞിരുന്നവര്‍ക്ക് അല്‍ഫോന്‍സാമ്മ ആശ്വാസദായകയായിരുന്നു. പ്രാര്‍ത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചു. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസമേകികൊണ്ട് സ്വന്തം വേദനകളെ മറന്നു.
അല്‍ഫോസാമ്മയുടെ വടിവൊത്ത കൈയക്ഷരം കുട്ടികളുടെയും സഹപ്രവര്‍ത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മീത്തില്‍ ആയിരുന്നപ്പോള്‍ അല്‍ഫോന്‍സാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നല്‍ സാമഗ്രികളും ഇവിടെ പവിത്രതയോടെ സൂക്ഷിച്ചിരിക്കുന്നു.
പഠനത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കും ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും കരുതലും കാരുണ്യവുമായിരുന്നു അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ തൊട്ടടുത്ത ദിനമായ ജൂലൈ 29 ന് നിരവധിയാളുകള്‍ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായി വാകക്കാട് ഇടവക ദൈവാലയത്തില്‍ കൊണ്ടുവരികയും സ്‌കൂളും കോണ്‍വെന്റില്‍ അല്‍ഫോസാമ്മ താമസിച്ചിരുന്ന മുറിയും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് മടങ്ങുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മ അധ്യാപികയായി കുഞ്ഞുങ്ങള്‍ക്ക് പുണ്യം ചൊരിഞ്ഞു കൊടുത്ത വാകക്കാട് വച്ച് എഴുത്ത് തുടങ്ങുക എന്നത് പലരുടെയും വലിയ ആഗ്രഹവും സന്തോഷവുമാണ്.
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി അനുഭവിച്ചറിഞ്ഞ കുട്ടികള്‍ തന്നെയാണ് മരണശേഷം കബറിടത്തില്‍ പൂക്കള്‍ വച്ചും തിരികള്‍ കത്തിച്ചും പ്രാര്‍ത്ഥിച്ച് അല്‍ഫോന്‍സാമ്മയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിന് ഇടവരുത്തിയത്. വി. അല്‍ഫോന്‍സാമ്മയില്‍ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുന്നതിനായ് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നു.




0 Comments