മുന്‍ രാഷ്ട്രപതി ഡോ. കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.യോടൊപ്പം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ കെ എം, സ്ഥിരസമിതി അധ്യക്ഷന്‍ ജോണിസ് പി സ്റ്റീഫന്‍, സൈമണ്‍ ഒറ്റത്തങ്ങാടിയില്‍, ഇ ജെ ലൂക്കോസ് , മാനേജിങ് ട്രസ്റ്റി കെ എം ജോസഫ് എന്നിവര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കി.
വളരെ നാളുകളായി ഉഴവൂരില്‍ ഉള്ള ആളുകളുടെ ആവശ്യമാണ് ഉഴവൂര്‍ ടൗണില്‍ ഡോ.കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കുക എന്നത്. സര്‍ക്കാര്‍ തലത്തില്‍ പല കാലയളവില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നു എങ്കിലും അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തത് പ്രതിമ നിര്‍മാണത്തിന് തടസ്സമായി. പീറ്റര്‍ പള്ളിക്കുന്നേല്‍ ഇ .ജെ. ലൂക്കോസ് ട്രസ്റ്റിന് വിട്ടു നല്‍കിയ സ്ഥലത്ത് ഡോ.കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സമ്മതമാണെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
ഉഴവൂര്‍ പഞ്ചായത്തിന്റെ വികസനത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തികളുടെ പ്രതിമ സ്ഥാപിക്കുന്നതിന് പീറ്റര്‍ പള്ളിക്കുന്നേല്‍ എന്ന വ്യക്തി ഏതാനം ആഴ്ചകള്‍ക്കു മുമ്പ് തന്റെ ഒന്നര സെന്റ് സ്ഥലം ഈ.ജെ. ലൂക്കോസ് ട്രസ്റ്റിന് കൈമാറിയിരുന്നു. ഇ ജെ ലുക്കോസ് ട്രസ്റ്റ്, ഡോ. കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സമ്മതമാണെന്ന് പഞ്ചായത്തില്‍ അറിയിക്കുകയും പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി മോന്‍സ് ജോസഫ് എം.എല്‍.എ. സാംസ്‌കാരിക മന്ത്രിയെ കണ്ടു മുന്‍ രാഷ്ട്രപതിയുടെ പ്രതിമ ടൗണില്‍ സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആയിരുന്നു. ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് മന്ത്രി സജി ചെറിയാന്‍ നിവേദക സംഘത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.




0 Comments