കോട്ടയം ജില്ലയിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ മാപ്പത്തോണ്‍ പൂര്‍ത്തിയായി.
നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍, ഐ.ടി മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിംഗ് നടത്തിയത്. മാപ്പത്തോണ്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വഹണവും നടപ്പാക്കാനാകും.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് 230 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലാണു നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിംഗ് നടപ്പാക്കുന്നത്. പാലാ, ഈരാറ്റുപേട്ട നഗരസഭകളും ളാലം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂര്‍, പാമ്പാടി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലാണ് ജില്ലയിലെ ഡിജിറ്റല്‍ മാപ്പിംഗ് പൂര്‍ത്തിയായത്.
സംസ്ഥാന വിവര സാങ്കേതിക വകുപ്പു രൂപം കൊടുത്ത ഈ ജനകീയ മാപ്പിംഗ് പദ്ധതിയില്‍ രണ്ടു മീറ്റര്‍ സ്പഷ്ടതയുള്ള ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് അവിടെയുള്ള ജലസ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും മനസിലാക്കാനാകും. ഒ.എസ്.എം ട്രാക്കര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫീല്‍ഡില്‍ നീര്‍ച്ചാലുകള്‍ മാപ്പ് ചെയ്യുകയും തുടര്‍ന്ന് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് വെബ്സൈറ്റ്, ക്യു.ജി.ഐ.എസ്. എന്നിവ ഉപയോഗിച്ച് അതാത് ദിവസം രേഖപ്പെടുത്തുന്ന തോടുകള്‍ ഐ.ടി. മിഷനുമായി ചേര്‍ന്ന് അന്ന് തന്നെ മാപ്പില്‍ വരക്കുന്ന രീതിയാണ് അവലംബിച്ചത്.
സംസ്ഥാന ഹരിത കേരളം മിഷന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തില്‍ 2020 ലാണ് കേരളത്തിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ് ആദ്യമായി നടന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്സണ്‍മാര്‍ക്ക് ഐ.ടി മിഷന്റെ നേതൃത്വത്തില്‍ മാപ്പത്തോണ്‍ പരിശീലനം നല്‍കുകയും ജില്ലയിലെ ചില പ്രദേശങ്ങളില്‍ പദ്ധതി വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലുള്‍പ്പെട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ് നടത്തിയത്.
ചെക്ക് ഡാമുകള്‍, ബണ്ടുകള്‍, നീര്‍ച്ചാലുകളുടെ പുനര്‍ജ്ജീവനം തുടങ്ങിയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. പ്രളയ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സമീപപ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെയും തോടുകളുടെയും സ്ഥിതി മനസിലാക്കാനാവും എന്നതും പ്രയോജനകരമാണ്. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും ഇന്റേണ്‍ഷിപ്പ് ട്രെയിനികളുടെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയായിരുന്നു മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍.





0 Comments