പാലാ നഗരസഭാ ന്യായവില ഹോട്ടലിന് മുന്നില്‍ ''അന്യായവില'' ബോര്‍ഡ് സ്ഥാപിച്ച് പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍.... പാവപ്പെട്ട ആളുകളോടുള്ള ഈ ജനദ്രോഹ നടപടി അംഗീകരിക്കാനാവില്ലെന്നും വനിതാ കൗണ്‍സിലര്‍മാര്‍... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



സുനില്‍ പാലാ

നഗരസഭാ വക ന്യായവില ഹോട്ടലില്‍ ഉച്ചയൂണിന് ഒറ്റയടിക്ക് വിലവര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ''അന്യായവില'' എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചു. ഉച്ചയോടെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചയുടനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സിജി ടോണി, ലിജി ബിജു, ജോസ് ഇടേട്ട് എന്നിവര്‍ ചേര്‍ന്ന് ''അന്യായവില'' എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്.

 

വീഡിയോ ഇവിടെ കാണാം 👇👇👇


 


20 രൂപയ്ക്ക് ഉച്ചയൂണ് എന്നത് കുര്യാക്കോസ് പടവന്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്തിനാകെ മാതൃകയായി പാലാ നഗരസഭ നടപ്പിലാക്കിയ  ജനകീയ പദ്ധതിയാണ്. ഒരു സര്‍ക്കാര്‍ സബ്‌സിഡിയും ഇല്ലാതെയാണ് പദ്ധതി ആരംഭിച്ചതും നടപ്പിലാക്കിയതും. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുന്നത്.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുകയും ന്യായവില ഉച്ചയൂണ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു.കൂടാതെ ഇതിന് സബ്‌സിഡി നല്‍കുകയും ചെയ്തിരുന്നു. അഷ്ടിക്ക് വകയില്ലാതെ മുടിഞ്ഞ് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പാവങ്ങളുടെ ഉച്ചയൂണിന് നല്‍കിവന്ന സബ്‌സിഡി എടുത്ത് മാറ്റിയതിനാല്‍ ന്യായവില ഹോട്ടലില്‍ ഊണിന് വില വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.





സബ്‌സിഡി പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് നഗരസഭ കൗണ്‍സിലില്‍ അജണ്ടയാക്കി നാളിതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കൗണ്‍സില്‍ അറിയാതെ വില വര്‍ദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സിജി ടോണി, ലിജി ബിജു, ജോസ് ഇടേട്ട് എന്നിവര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സബ്‌സിഡി നഗരസഭ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ നല്‍കി വില വര്‍ദ്ധനവ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കൂടാതെ ഇതിലേക്കായി നിയമപരമായ മറ്റ് ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഭരണ നേതൃത്വം പരിശ്രമിച്ചതുമില്ല.

ഇത്തരം മാര്‍ഗങ്ങള്‍ ഒന്നും തേടാതെ വില കൂട്ടാനായി കിട്ടിയതെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്തരവ് തിടുക്കത്തില്‍ നടപ്പിലാക്കാനുള്ള നഗരസഭ ചെയര്‍പേഴ്‌സന്റെ വ്യഗ്രത ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.  



വിഷയം യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കുമെന്നും തുടര്‍ന്ന്  വിഷയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ് കത്ത് നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായാണ് ന്യായവില ഹോട്ടലിന് മുന്‍പില്‍ അന്യായവില ഹോട്ടല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതെന്നും കൗണ്‍സിലര്‍മാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കാനിക്കല്‍, സിജി ടോണി തോട്ടത്തില്‍ എന്നിവര്‍ പറഞ്ഞു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments