സ്വന്തം ലേഖകന്‍
റോഡുസൈഡ് തോട്ടിലേക്കിടിഞ്ഞുവീണു... നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്ത് മെമ്പറുടെ അടുത്തേക്കോടി... ഇങ്ങനെയൊരു റോഡിന്റെ ആവശ്യമേയില്ലെന്നായിരുന്നു പഞ്ചായത്ത് മെമ്പറുടെ മറുപടിയെന്ന് നാട്ടുകാര്‍.
കരൂര്‍ ഗ്രാമപഞ്ചായത്തിലെ പയപ്പാര്‍ കവറുമുണ്ട - ചീമ്പനാല്‍ - ചെക്ക്ഡാം റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ ചെന്ന നാട്ടുകാരോടാണ് പഞ്ചായത്ത് അധികൃതര്‍ മുഖംതിരിച്ചത്.
പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം ളാലം തോടിന്റെ സൈഡിലൂടെ ഒരു കിലോമീറ്ററോളം നീളമുള്ള റോഡാണ് കവറുമുണ്ട - ചീമ്പനാല്‍ - ചെക്ക്ഡാം റോഡ്. കരൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലാണിത്.
നാല്പതോളം വീട്ടുകാര്‍ ഈ വഴി ഉപയോഗിക്കുന്നുണ്ട്. മഴക്കാലമായാല്‍ റോഡില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളമുയരും. പിന്നീടിതുവഴി നടക്കാന്‍ പോലുമാവില്ല. ആ സമയങ്ങളില്‍ അടുത്തുള്ള പുരയിടങ്ങളില്‍ക്കൂടി കയറിയാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ നിത്യേന സഞ്ചരിക്കുന്നത്.
റോഡിന്റെ കുറച്ചുഭാഗം ടാര്‍ ചെയ്തിട്ടുണ്ട്. പലഭാഗത്തും സംരക്ഷണ ഭിത്തിയിടിഞ്ഞ് ളാലം തോട്ടിലേക്ക് വീണുകിടക്കുകയാണ്. ഇതുമൂലം റോഡ് അപകടാവസ്ഥയിലുമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. തോടിന്റെ ജലനിരപ്പിനോട് ചേര്‍ന്നുള്ള റോഡായതിനാല്‍ ഒറ്റമഴയില്‍ത്തന്നെ ഇവിടെ വെള്ളം കയറും.
റോഡ് ആകെത്തകര്‍ന്നതോടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. തോടിനോട് ചേര്‍ന്നായതിനാല്‍ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗങ്ങളില്‍ അപകടഭീഷണിയും നിലനില്‍ക്കുന്നുണ്ട്. രോഗികളെയും മറ്റും ആശുപത്രിയില്‍ കൊണ്ടുപോകാനും ബുദ്ധിമുട്ട് നേരിടുന്നു.
2021-ല്‍തന്നെ നാട്ടുകാര്‍ ഇത് സംബന്ധിച്ച് കരൂര്‍ പഞ്ചായത്ത് അധികാരികള്‍ക്കും ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്കുമുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പേരിനൊരു കത്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതല്ലാതെ രണ്ട് വര്‍ഷം പിന്നിട്ടിട്ടും പഞ്ചായത്ത് അധികാരികള്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലായെന്നാണ് ആക്ഷേപം.
പഞ്ചായത്ത് മെമ്പറോട് പരാതിപ്പെട്ടു, റോഡാവശ്യമില്ലെന്ന് മറുപടി കിട്ടി.
റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പഞ്ചായത്ത് മെമ്പറോട് പരാതിപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു റോഡ് ആവശ്യമില്ലെന്ന ധിക്കാരപൂര്‍വ്വമായ മറുപടിയാണ് അവിടുന്ന് ലഭിച്ചത്. ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം വേണ്ടേ
- സണ്ണി കൂന്താനം, പ്രദേശവാസി
രണ്ട് വര്‍ഷം മുന്നേ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടിരുന്നു
ഇതേസമയം 2021 ജൂണ്‍ 28-ാം തീയതി ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടും ചെക്കുഡാം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും മൈനര്‍ ഇറിഗേഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നതായി കരൂര്‍ പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
.jpeg)
.jpeg)



0 Comments