ഉഴവൂരിന്റെ വികസനത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ ആദരണീയ നേതാക്കളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂളിന് സമീപം സ്മൃതി മണ്ഡപം സ്ഥാപിക്കാന്‍ ഇ.ജെ ലൂക്കോസ് എള്ളങ്കില്‍ മെമ്മോറിയല്‍ ട്രസ്റ്റിന് ഒന്നര സെന്റ് സ്ഥലം സൗജന്യമായി നല്‍കി പീറ്റര്‍ പള്ളിക്കുന്നേല്‍.
ഉഴവൂരിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി അത്യധ്വാനം ചെയ്ത മഹത് വ്യക്തികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും വരും തലമുറയ്ക്ക് അവരെ പരിചയപ്പെടുത്തുന്നതിനും അവരുടെ സ്മൃതി മണ്ഡപങ്ങള്‍ സ്ഥാപിക്കുന്നത് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥലം ദാനമായി നല്‍കിയതെന്ന് പീറ്റര്‍ പള്ളിക്കുന്നേല്‍ പറഞ്ഞു.
മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, ഉഴവൂര്‍ പള്ളി സ്ഥാപിച്ച ഇട്ടുപ്പ് കത്തനാര്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് ചാഴികാടന്‍, ഇ.ജെ ലൂക്കോസ് എന്നിവരുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ശ്രമം നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് അഞ്ചംകുന്നത്ത് അറിയിച്ചു.
സ്ഥലം ദാനമായി നല്‍കിയതിന് പുറമെ ഇട്ടുപ്പ് കത്തനാരുടെ പ്രതിമ സ്വന്തം ചിലവില്‍ സ്ഥാപിക്കാന്‍ കൂടി സന്നദ്ധത അറിയിച്ചിരിക്കുകയാണ് പീറ്റര്‍ പള്ളിക്കുന്നേല്‍.




0 Comments