തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവദ്ഗീതാഭാഷ്യ പാരായണാഞ്ജലി 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ



കേരളത്തില്‍ ആദ്യമായി തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവദ്ഗീതാഭാഷ്യ പാരായണാഞ്ജലി 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 

ഉത്തരകാശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദിശങ്കര ഭഗവത് പാദ ഭക്തമണ്ഡലിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന 'പ്രസ്ഥാന ത്രയ' ഭാഷ്യ പാരായണാഞ്ജലിയുടെ ഭാഗമായാണ് ഭഗവദ്ഗീതാഭാഷ്യ പാരായണാഞ്ജലി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭാഷ്യ പാരായണാഞ്ജലി നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

29ന് രാവിലെ കാലടിയില്‍ നിന്ന് ഗ്രന്ഥപ്രയാണഘോഷ യാത്ര ആരംഭിക്കും. 51 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വൈകീട്ട് നാലിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ സ്വീകരിച്ചാനയിച്ച് ഭഗവദ്ഗീത പീഠത്തില്‍ പ്രതിഷ്ഠിക്കും. 4.30-ന് ഗീതാഭാഷ്യ പാരായണാഞ്ജലിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പ്രദീപ് നമ്പൂതിരിപാട് അധ്യക്ഷത വഹിക്കും. പാലാ ശ്രീരാമകൃഷ്ണമഠം മഠാധിപതി വീതസംഗാനന്ദ, ക്ഷേത്രം തന്ത്രി പരമേശ്വരന്‍ നമ്പൂതിരി ആമല്ലൂര്‍ കാവനാട്ടുമന, എറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ സരിത അയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഏഴിന് ശ്രീജിത്ത് ജി.കമ്മത്ത് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി നടക്കും.

30ന് രാവിലെ ആറ് മുതല്‍ സ്വാമി നിഖിലാനന്ദ സരസ്വതി, ഹംസാനന്ദപുരി സ്വാമി, മുകുന്ദ ചൈതന്യ, ഡോ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഭഗവദ്ഗീതാഭാഷ്യ പാരായണം. ഉച്ചക്ക് രണ്ടുമുതല്‍ ദേശീയ ഭഗവദ്ഗീതാ സെമിനാറിന്റെ ഉദ്ഘാടനം ഡോ.ജി.ഗംഗാധരന്‍ നായര്‍ നിര്‍വഹിക്കും. എറണാകുളം ശങ്കരാനന്ദ ആശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി സംസാരിക്കും. വിദഗ്ധര്‍ പ്രബന്ധാവതരണം നടത്തും. വൈകീട്ട് ഏഴിന് നങ്ങ്യാര്‍കൂത്ത്. ഒക്ടോബര്‍ ഒന്നിന് രാവിലെ 6.30-ന് സ്വാമി നിഖിലാനന്ദ സരസ്വതി, ഹംസാനന്ദപുരി സ്വാമി, ബ്രഹ്മചാരി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഭഗവദ്ഗീതാഭാഷ്യ പാരായണം. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ദേശീയ ഗീതാസെമിനാര്‍. വൈകീട്ട് 4.45-ന് കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം. രാത്രി ഏഴിന് ഭഗവദ്ഗീതാ-സംഗീതാവിഷ്‌കാരം.



രണ്ടിന് രാവിലെ 6.30-ന് സ്വാമി നിഖിലാനന്ദ സരസ്വതി, ഹംസാനന്ദപുരി സ്വാമി എന്നിവരുടെ നേതൃത്വത്തില്‍ ഭഗവദ്ഗീതാ ഭാഷ്യ പാരായണം. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ദേശീയ ഗീതാ സെമിനാര്‍. വൈകീട്ട് 4.30-ന് നടക്കുന്ന സമാപനസഭ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മാനേജിങ് ട്രസ്റ്റി എന്‍.ആര്‍.സതീശന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments