ജോലി ഭാരത്തെച്ചൊല്ലി സ്ഥിരം ജീവനക്കാര്‍ക്കും കരാര്‍ നിയമനം നേടിയവര്‍ക്കുമിടയില്‍ തര്‍ക്കം



ജോലി ഭാരത്തെ ചൊല്ലി ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്കും കരാര്‍ നിയമനം നേടിയ ജീവനക്കാര്‍ക്കുമിടയില്‍ തര്‍ക്കം. 

നിലവില്‍ ജോലിഭാരത്താല്‍ വലയുന്ന വകുപ്പിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതുതായി വകുപ്പില്‍ നടപ്പാക്കിയ ഏകാരോഗ്യപദ്ധതിയുടെ അധിക ജോലി ഭാരം കൂടി തങ്ങള്‍ പേറേണ്ടി വരുന്നുവെന്നതാണ് ഇവരുടെ പരാതിക്ക് കാരണം.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ പന്ത്രണ്ട് മെന്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരെല്ലാം ആരോഗ്യവകുപ്പില്‍ നിന്ന് സൂപ്പര്‍വൈസറി തസ്തികയില്‍ നിന്നു വിരമിച്ചവരാണ്. പഞ്ചായത്തുതലത്തില്‍ പദ്ധതി നടപ്പാക്കുക ഇവരുടെ ചുമതലയാണ്. ഇവര്‍ ഓരോ പഞ്ചായത്തിലും വാര്‍ഡുകള്‍ തോറും ഏഴു വീതം കമ്യൂണിറ്റി മെന്റര്‍മാരെയും കൂടാതെ 49 കമ്യൂണിറ്റി വോളന്റിയര്‍മാരെയും തെരഞ്ഞെടുക്കണം. ഇവര്‍ക്ക് പരിശീലനം നല്‍കുക, മാസം തോറും ഇവരില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് മേല്‍ഘടകത്തില്‍ അയയ്ക്കുക ഉള്‍പ്പെടെയുള്ള ജോലികള്‍ നിര്‍വഹിക്കുകയണ് മെന്റര്‍മാരുടെ ജോലി. എന്നാല്‍ ഇവര്‍ ഇത്തരം ജോലികള്‍ ചെയ്യാതെ ആരോഗ്യവകുപ്പിലെ ജീവനക്കാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നതായി ജീവനക്കാര്‍ ആരോപിച്ചു.



തങ്ങള്‍ ഇപ്പോള്‍ അധിക ജോലിഭാരം കൊണ്ടു വലയുകയാണെന്നും ഏകാരോഗ്യ പദ്ധതിക്കായി നിയോഗിച്ചവര്‍ ചെയ്യേണ്ട ജോലി തങ്ങളുടെ മേല്‍കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്. മെന്റര്‍മാരായി നിയമനം ലഭിച്ചവര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തേണ്ടത് ഏത് ഓഫീസിലാണെന്നോ ഇവര്‍ ജോലിക്കെത്തുന്നുണ്ടോ എന്ന് പോലും പരിശോധനയില്ലാത്ത അവസ്ഥയാണ്. ഇവരില്‍ പലരും മറ്റു ജോലികള്‍ ചെയ്യുന്നതായും സര്‍ക്കാര്‍ വേതനം കൈപ്പറ്റുന്നതായും ആരോപണമുണ്ട് .

 ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ സംഘടനകള്‍.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments