മീനച്ചിലാറിന് കുറുകെയുളള പാലാ വലിയപാലത്തിന്റെ തൂണില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍. കഴിഞ്ഞ ദിവസം കിഴക്കന്‍ മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലിലാണ് ഈ മാലിന്യങ്ങള്‍ പാലാ വലിയപാലത്തിന്റെ നടുവിലെ തൂണില്‍ തങ്ങിനിന്നത്.
വൃക്ഷ ശിഖരങ്ങളും മുളകളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും ഉള്‍പ്പെടെ ലോഡുകണക്കിന് മാലിന്യമാണ് ഇവിടെ തങ്ങിനില്‍ക്കുന്നത്.
ഈ ഭാഗത്ത് കുത്തൊഴുക്കുമുണ്ട്. മാലിന്യങ്ങള്‍ പാലത്തിന്റെ ചുറ്റിലുമായി നിറഞ്ഞുകിടക്കുകയാണ്. ശക്തിയോടെയുള്ള വെള്ളംതള്ളല്‍ കൂടിയാകുമ്പോള്‍ തൂണുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്.
മുമ്പെങ്ങും ഒരേ സമയം ഇത്രയധികം മാലിന്യങ്ങള്‍ ഇവിടെ അടിഞ്ഞുകൂടിയിരുന്നില്ല. നേരത്തെ കളരിയാമ്മാക്കല്‍ ചെക്ക് ഡാമിന്റെ തൂണുകളില്‍ വര്‍ഷങ്ങളോളം വലിയ തടി ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞുകിടന്നിരുന്നു. പിന്നീടിത് വിവിധ സാംസ്‌കാരിക സംഘടനകളും വിദ്യാര്‍ത്ഥി കൂട്ടങ്ങളും ചേര്‍ന്ന് നീക്കുകയായിരുന്നു. കൂടുതലായുള്ള മരങ്ങളും മറ്റും നീക്കാന്‍ അന്ന് ജെ.സി.ബി.യും മറ്റും വേണ്ടിവന്നിരുന്നു.
പാലാ വലിയപാലത്തിന്റെ തൂണില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഉടനടി നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാലത്തില്‍ തങ്ങിയ മാലിന്യം ഉടന്‍ നീക്കണം - പാലാ പൗരാവകാശ സമിതി
പാലാ വലിയപാലത്തില്‍ തങ്ങിയിട്ടുള്ള ലോഡുകണക്കിന് മാലിന്യങ്ങള്‍ എത്രയുംവേഗം നീക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു. ഇതിനായി പാലാ നഗരസഭാ അധികാരികളും പി.ഡബ്ല്യു.ഡി. പാലം വിഭാഗം അധികാരികളും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ക്ക് ഉടന്‍ നിവേദനം നല്‍കുമെന്നും ജോയി കളരിക്കല്‍ പറഞ്ഞു.
മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കും - പ്രൊഫ. സതീശ് ചൊള്ളാനി
വലിയപാലത്തില്‍ അടിഞ്ഞിട്ടുള്ള ലോഡുകണക്കിന് മാലിന്യങ്ങള്‍ എത്രയുംവേഗം നീക്കി പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പാലാ നഗരസഭാ സെക്രട്ടറിക്കും ഉടന്‍തന്നെ കത്തുകൊടുക്കുമെന്ന് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
.jpeg)


0 Comments