പാലാ നഗരസഭയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് ദന്താശുപത്രി നടത്തുന്ന ഡോക്ടറില്‍ നിന്നും യാതൊരു നീതീകരണവും കൂടാതെ കൂടുതല്‍ വാടക ഈടാക്കാനുള്ള മുനിസിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് കൂച്ചുവിലങ്ങ്. ഇദ്ദേഹത്തില്‍ നിന്ന് 840 ചതുരശ്ര അടിക്കുള്ള വാടക മാത്രം ഈടാക്കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന പാലാ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു.
ഇന്നലെ ചേര്‍ന്ന യോഗത്തിലും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഒടുവില്‍ മുന്‍ ചെയര്‍മാനും ഭരണപക്ഷാംഗവുമായ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ നിര്‍ദ്ദേശങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും സ്വീകരിക്കുകയായിരുന്നു....
വീഡിയോ ഇവിടെ കാണാം 👇👇👇
ദന്തഡോക്ടറില്‍ നിന്നും കൂടുതല്‍ വാടക ഈടാക്കാന്‍ തുനിഞ്ഞ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോമിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി കൂടുതല്‍ തുകയാണ് വാടകയായി ദന്തഡോക്ടറില്‍ നിന്നും ഈടാക്കിയതെന്ന് തിരിച്ചറിഞ്ഞ നഗരസഭാ കൗണ്‍സില്‍ ഈ തുക ഡോക്ടര്‍ക്ക് തിരികെ കൊടുക്കുന്നതിനുള്ള തീരുമാനവുമെടുത്തു. ഇക്കാര്യം സര്‍ക്കാരിലേക്ക് അയച്ച് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുക തിരികെ കൊടുക്കാമെന്നാണ് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഇക്കാര്യത്തിലുള്ള തീരുമാനമായി കൗണ്‍സിലിനെ അറിയിച്ചത്.
പുലിയന്നൂരില്‍ വാഹനാപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഇത് പരിഹരിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഭരണപക്ഷത്തെ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. അഡ്വ. ബിനു പുളിക്കക്കണ്ടം, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, തോമസ് പീറ്റര്‍, സാവിയോ കാവുകാട്ട്, നീന ചെറുവള്ളില്‍, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.



0 Comments