കൂടപ്പുലം ചെന്നീരാ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തി വീട് നിര്‍മ്മാണത്തിന്റെ പേരില്‍ അനധികൃത പാറഖനനം നടത്തുന്നതായി പരാതി.
പാറഖനനം നടത്തുന്നതിനാല്‍ സമീപത്തുള്ള നിരവധി ആളുകളുടെ വീടുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണുള്ളത്. കുട്ടികളും പ്രായമായവരുമടക്കം സ്ഫോടനം നടക്കുമ്പോള്‍ ഭയന്നാണ് വീടുകളില്‍ കഴിയുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് സമീപവാസികള്‍ പലരും ഭയന്ന് പ്രാണരക്ഷാര്‍ത്ഥം വീടിന് വെളിയില്‍ ഇറങ്ങി നില്‍ക്കുന്നത് പതിവാണ്. ഒരുമാസത്തോളമായി ഖനനം തുടങ്ങിയിട്ട്. വെളുപ്പിന് 5 മണിക്ക് ഖനനം നടത്തിയ കല്ലുകള്‍ ലോറിയില്‍ കയറ്റിവിടും.
രാമപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരില്‍ ടാക്സ് നല്‍കി എല്ലാ നിയമങ്ങളും പാലിച്ച് പാറഖനനം നടത്തുന്ന പാറമടകള്‍ ഉണ്ട്. അനധികൃതമായി പാറഖനനം നടത്തുന്നതിനെതിരെ സമീപവാസികളായ 15 വീട്ടുകാര്‍ ഒപ്പ് ശേഖരം നടത്തി രാമപുരം പോലീസ് സ്റ്റേഷനിലും, ജില്ലാ കളക്ടര്‍ക്കും, പഞ്ചായത്തിനും, വില്ലേജ് ഓഫീസര്‍ക്കും നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ്. ഈ അനധികൃത പാറഖനനത്തിന് പിന്നില്‍ വന്‍കിട പാറമട ലോബിയാണെന്നും ഇവരെ പിടികൂടുവാന്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടത്തി ഉഗ്രസ്ഫോടനത്തില്‍, സ്ഫോടനം നടത്തിയ ആള്‍ക്ക് ഗുരുതരമായി പരിക്കുകള്‍ പറ്റുകയും, ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപവാസികളില്‍ പലരുടെയും പുരയിടത്തിന്റെ അതിരുകള്‍ ഇടിഞ്ഞ് വീഴുകയുണ്ടായി.



0 Comments