കൗമാരക്കാര്‍ക്ക് കരുത്തും കരുതലും പകരാന്‍ യുവമിത്രം പദ്ധതിയുമായി കോട്ടയം ജില്ലയിലെ എന്‍.എച്ച്.എം. ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്‌കൂളുകളിലേക്ക്.
യുവമിത്രം എന്നുപേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ജില്ലയിലെ അരലക്ഷത്തോളം കുട്ടികളില്‍ ശാരീരിക മാനസിക വളര്‍ച്ചകളുടെ അവബോധം സൃഷ്ടിക്കാനും സാമൂഹിക മാധ്യമങ്ങളുടെ നല്ലവശവും മോശവശവും ചൂണ്ടിക്കാണിക്കാനുമാണ് യുവമിത്രത്തിലൂടെ ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.
ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടാകുന്നതിനോടൊപ്പം ചിന്താരീതിയിലും വൈകാരികതയിലും വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് കുട്ടികള്‍ക്ക് തന്നെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. ഒപ്പം ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചും രോഗാവസ്ഥകളെകുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും യുവമിത്രം പദ്ധതി ലക്ഷ്യമിടുന്നു.
സ്‌കൂളുകളിലെ ക്ലാസുകള്‍ മാത്രമല്ല തുടര്‍ന്നും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യം സംബന്ധിച്ച ഏതുവിധ സംശയവും ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം. ഇതിനായി ദിവസവും വൈകിട്ട് 4 മുതല്‍ 7 വരെയുള്ള സമയത്തിനിടയ്ക്ക് ഡോക്ടര്‍മാരെ വിളിക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍കൂടി ഉടന്‍ കൊടുക്കുന്നുണ്ട്. കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കാന്‍ യുവമിത്രം പദ്ധതിയിലൂടെ കഴിയുമെന്നാണ് ആയൂര്‍വേദ ഡോക്ടര്‍മാരുടെ പ്രതീക്ഷ.
യുവമിത്രവുമായി സഹകരിച്ച് ജില്ലയില്‍ 19 ഡോക്ടര്‍മാര്‍
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കൗമാരക്കാര്‍ക്കായി നടത്തുന്ന യുവമിത്രം പദ്ധതിയില്‍ ജില്ലയില്‍ 19 ഡോക്ടര്‍മാരാണ് നടുനായകത്വം വഹിക്കുന്നത്. എന്‍.എച്ച്.എം. ആയുഷ് ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിലാണ് യുവമിത്രത്തിന്റെ നടത്തിപ്പ്.
ഓരോ ഡോക്ടര്‍മാരും ഓരോ പഞ്ചായത്തുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും - ഡോ. ചിന്നു മനോജ് പ്രഭ
കോട്ടയം ജില്ലയിലെ 19 എന്‍.എച്ച്.എം. ഡോക്ടര്‍മാരും അവരവര്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന പഞ്ചായത്തിലെ സ്‌കൂളുകളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പദ്ധതിയുടെ കണ്‍വീനര്‍മാരില്‍ ഒരാളായ മുത്തോലി ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിന്നു മനോജ് പ്രഭ പറഞ്ഞു.
ഉദ്ഘാടനം നാളെ
യുവമിത്രം പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ. പ്രദീപ് തോമസ് പദ്ധതി വിശദീകരിക്കും. ഡോ. അജയ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം) ഡോ. ജയശ്രീ അദ്ധ്യക്ഷത വഹിക്കും.




0 Comments