ചെക്കുഡാമില്‍ മാലിന്യം തള്ളിയ കാടത്തം കാണിച്ചവര്‍ സിസിടിവിയില്‍ കുടുങ്ങി. സംഭവമറിഞ്ഞിട്ടും പിടികൂടാന്‍ മേലുകാവ് പോലീസിന് മടി. ഒടുവില്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ തുനിഞ്ഞ് പോലീസ്.
ഫെബ്രുവരി ഒന്നാം തീയതിയാണ് കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ കടനാട് തോട്ടിലെ ചെക്കാഡാമിനോട് ചേര്‍ന്ന് വന്‍തോതില്‍ മാലിന്യം തള്ളിയത് കണ്ടെത്തിയത്.
വീഡിയോ ഇവിടെ കാണാം👇👇👇
വണ്ടിയില്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ കടനാട് പള്ളിയുടെ മുന്‍വശം പാലത്തില്‍ നിന്നുമാണ് ചെക്കുഡാമിലേക്ക് തള്ളിയത്. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രൂരമായ ഈ നടപടി.
കേരളത്തില്‍ മേജര്‍ ഇറിഗേഷന്റെ കീഴില്‍ ആദ്യത്തെ ചെക്കുഡാമാണിത്. അതുമാത്രമല്ല ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതിയായ കൈതക്കല്‍ - പൂതക്കുഴി കുടിവെള്ള പദ്ധതിയ്ക്കായി വെള്ളമെടുക്കുന്നതും ഈ ചെക്കുഡാമില്‍ നിന്നാണ്.
700 കുടുംബങ്ങളിലായി മൂവായിരത്തോളം പേര്‍ ഈ ചെക്കു ഡാമിലെ വെള്ളമാണ് കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നത്. കടനാട് പാലത്തിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സാമൂഹ്യവിരുദ്ധനെ കണ്ടെത്തിയതെന്ന് കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സംഭവം ഉണ്ടായ സ്ഥലത്തെ വാര്‍ഡ് മെമ്പറുമായ ഉഷാ രാജു പറഞ്ഞു.
സിസിടിവിയില്‍ കണ്ടിട്ടും പൊലീസിന് കുലുക്കമില്ല; പഞ്ചായത്ത് അധികാരികള്‍ക്കും.
ചെക്കുഡാമില്‍
മാലിന്യം തള്ളിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഫെബ്രുവരി ഒന്നിന്
തന്നെ പരിശോധിക്കുകയും തുടര്‍ന്ന് മാലിന്യം തള്ളുന്ന ദൃശ്യങ്ങള്‍
ലഭ്യമാകുകയും ചെയ്തിരുന്നു. ഇതുസഹിതം പഞ്ചായത്ത് മെമ്പര്‍ ഉഷാ രാജു
മേലുകാവ് പോലീസിനെ സമീപിച്ചെങ്കിലും നാല് ദിവസം ഇതിന്‍മേല്‍ പോലീസ്
അടയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇത് സംബന്ധിച്ച് അടിയന്തിര പഞ്ചായത്ത്
കമ്മറ്റി യോഗം ചേര്‍ന്നിട്ടും പൊലീസ് ഉണര്‍ന്നില്ല.
കമ്മറ്റിയുടെ തീരുമാനപ്രകാരം വീണ്ടും പോലീസില്‍ പരാതി നല്‍കിയിരുന്നു. സമ്മര്‍ദ്ദമേറിയതോടെയാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായത്. സിസിടിവിയില്‍ കണ്ട വ്യക്തിയേയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും ഇതേ വരെ തുടര്‍നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. പഞ്ചായത്ത് ഓഫീസിന് സമീപം മറ്റൊരു കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് സിസിടിവിയില്‍ കണ്ടതെന്ന് പഞ്ചായത്ത് മെമ്പര്‍ ഉഷാ രാജു സാക്ഷ്യപ്പെടുത്തുന്നു.
0 Comments