അധികാരികള്‍ അവഗണിച്ചു, നാട്ടുകാരിറങ്ങി.... 12 ലക്ഷത്തിന് റോഡ് റെഡി, മനസ്സിലായോ സാറെ!...



സുനില്‍ പാലാ


ഈ റോഡ് ഇനി സൂപ്പര്‍. പഞ്ചായത്തിനോ സര്‍ക്കാരിനോ നയാ പൈസ മുടക്കില്ല. നാടിന്റെ ഒരുമയില്‍ സഞ്ചാരയോഗ്യമായത് കടനാട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ കാവുംകണ്ടം - കോഴിക്കോട്ട് റോഡാണ്. 



പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴിയുമായി കിടന്നിരുന്ന  മുക്കാല്‍ കിലോമീറ്ററോളം റോഡാണ് നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്തുകൊണ്ട് മാതൃകയായത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഈ റോഡിന്റെ 200 മീറ്റര്‍ ദൂരം മാത്രമാണ് മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. നിരവധി വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന വഴി കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

നിരവധി തവണ പഞ്ചായത്തിലും മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ മുമ്പിലും റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം കയറിയിറങ്ങിയിരുന്നുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. 




കാലവര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ - കോളേജ്  വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കാല്‍നട യാത്രക്കാര്‍ക്കും റോഡിന്റെ ശോചനീയാവസ്ഥയും ചെളിവെള്ളവും എന്നും ദുരിതമായിരുന്നു. ഇതിലെ കടന്നുപോകുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ റോഡ് നന്നാക്കുന്നതിനായാണ് പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയത്.



നിര്‍മ്മാണത്തിന് ആയിരം ചാക്ക് സിമന്റും പാറപ്പൊടിയും

ആയിരം ചാക്ക് സിമന്റും പാറപ്പൊടിയും ഉപയോഗിച്ചുകൊണ്ടാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. പന്ത്രണ്ട് ലക്ഷത്തില്‍പരം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.. ജനപ്രതിനിധികളുടെ നിഷേധാത്മക നിലപാടും അവഗണനയും രാഷ്ട്രീയ ചേരിതിരിവും വികസനമുരടിപ്പിന് കാരണമായതിനാല്‍ റോഡ് ഉദ്ഘാടനത്തിന് നാട്ടുകാര്‍ ജനപ്രതിനിധികളെ ആരെയും വിളിച്ചില്ല.

കാവുംകണ്ടം പള്ളി വികാരി റവ. ഫാ. സ്‌കറിയ വേകത്താനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാജു സെബാസ്റ്റ്യന്‍ കോഴിക്കോട്ട്, മത്തച്ചന്‍ മുണ്ടിയാവില്‍, ജോസ് വഞ്ചിക്കച്ചാലില്‍, റ്റോജു പൂവേലില്‍, ജോയി ഇടക്കരോട്ട്, ജിജി ഷാജു കോഴിക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.



വേണ്ടത്ര ഫണ്ട് കിട്ടിയില്ല - പഞ്ചായത്ത് മെമ്പര്‍

കടനാട് പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് റോഡ് നിര്‍മ്മാണത്തിന് വേണ്ടത്ര ഫണ്ട് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ്ജ് പറഞ്ഞു. എം.എല്‍.എ. ഫണ്ടും എം.പി. ഫണ്ടിനുമൊക്കെ സമീപിച്ചെങ്കിലും റോഡ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്യാനുള്ള തുക ലഭിച്ചില്ല. പ്രധാനമായും ഒരു കോഴി ഫാമിലേക്കുള്ള വാഹനങ്ങളാണ് ഇതുവഴി കൂടുതലായി ഓടിയിരുന്നത്. ആ കോഴി ഫാം ഉടമ മുന്‍കൈ എടുത്താണ് റോഡ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്തതെന്നും പഞ്ചായത്ത് മെമ്പര്‍ വിശദീകരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments