സുനില്‍ പാലാ
ഈ റോഡിലെ കലുങ്ക് ഇങ്ങനെ കുത്തിപ്പൊളിച്ചിട്ടാതാരാണ്, അപകടകരമായ നിലയിലുള്ള ഈ കലുങ്ക് അധികാരികള്‍ ഒന്നുവന്ന് കാണുകയെങ്കിലും ചെയ്യണം.
വലവൂര്‍ - മരങ്ങാട്ടുപള്ളി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിസാന്‍നഗര്‍ - പരുവിനാടി റോഡിലെ പൊട്ടങ്കില്‍ ഭാഗത്തുള്ള കലുങ്കാണ് അടിയിളകി സംരക്ഷണ ഭിത്തി തകര്‍ന്ന് ആകെ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകളോളം തകര്‍ന്നുകിടന്ന റോഡ് ഒന്നരവര്‍ഷം മുമ്പാണ് മാണി സി. കാപ്പന്‍ എം.എല്‍.എ. അനുവദിച്ച 25 ലക്ഷം രൂപാ ഉപയോഗിച്ച് നല്ല രീതിയില്‍ ടാര്‍ ചെയ്തത്. എന്നാല്‍ പൊട്ടങ്കില്‍ ഭാഗത്തെ പഴയ കലുങ്ക് അങ്ങനെ തന്നെ നിര്‍ത്തി. റോഡിലെ വളവിന്റെ ഭാഗത്തുള്ള കലുങ്ക് നേരത്തെ തന്നെ ശോച്യാവസ്ഥയിലായിരുന്നു.
കേന്ദ്രപദ്ധതിയെന്ന് പറഞ്ഞ് കലുങ്ക് പൊളിച്ചെന്ന് പരാതി
രണ്ടരമാസം മുമ്പ് കേന്ദ്രപദ്ധതിയില്‍പ്പെടുത്തി പണിയാനാണെന്ന് പറഞ്ഞ് ചിലരെത്തി കലുങ്കിന്റെ മുകള്‍ഭാഗത്തെ റോഡിന്റെ പകുതിയോളം വരുന്ന ടാറിംഗ് കുത്തിപ്പൊളിച്ചു. ഇതോടെ ഒരു വശത്തുകൂടിയായി ഗതാഗതം. ഇത് അപകട ഭീഷണി ഉയര്‍ത്തിയതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ റോഡ് കുത്തിപ്പൊളിച്ചവര്‍ തന്നെ ആ ഭാഗത്ത് മണ്ണിട്ട് മൂടി. കാലവര്‍ഷം കനത്തതോടെ ഇവിടെ മണ്ണ് ഇരുന്നു. കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി. ഈ ഭാഗത്തെ റോഡിന്റെ വളവിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ വഴിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.
എത്രയുംവേഗം കലുങ്ക് നന്നാക്കണം
പൊട്ടങ്കില്‍ ഭാഗത്തെ കലുങ്ക് എത്രയും വേഗം നന്നാക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ക്ക് പരാതി നല്‍കി. കലുങ്ക് നന്നാക്കണമെന്ന് കിസാന്‍നഗര്‍ പൗരസമിതി യോഗവും ആവശ്യപ്പെട്ടു. ടോണി നിരണത്ത്, ജോസ് മതിയനാല്‍, സജി കല്ലുപുറത്ത്, ജോഷി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. ജോയി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
0 Comments