സുനില്‍ പാലാ
ഇത് റോഡാണോ, ചെറിയ ചെറിയ കുളങ്ങളാണോ... വെമ്പള്ളി - വയലാ - കടപ്ലാമറ്റം - കുമ്മണ്ണൂര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുപക്ഷേ തോന്നിയേക്കാം. റോഡാകെ കുഴികളാണ്. മഴക്കാലം കൂടി വന്നതോടെ ഈ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.
കുഴിയുടെ ആഴമറിയാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. കുമ്മണ്ണൂര്‍ മുതല്‍ മാറിയിടം, കടപ്ലാമറ്റം, വയലാ മേഖലകളിലെല്ലാം നിറയെ കുഴികളുണ്ട്. ജനങ്ങള്‍ അധികാരികളോട് തുടരെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റോഡ് നന്നാക്കാന്‍ 7.5 കോടി രൂപാ അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങാന്‍ യാതൊരു നടപടികളുമില്ല. ഇനിയിപ്പോള്‍ മഴക്കാലം കഴിയാതെ ഈ റോഡില്‍ ഒരു തുള്ളി ടാര്‍ വീഴാനും സാധ്യതയില്ല. ഉള്‍പ്രദേശങ്ങളില്‍ നിന്ന് പാലായ്ക്കും കാണിക്കാരിക്കുമൊക്കെ നൂറുകണക്കിന് യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളുടെ തിരക്കുമുണ്ട്. ആകെത്തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ അറ്റകുറ്റപ്പണികളും നിരവധിയാണ്.
റോഡില്‍ കുഴികള്‍ നിറയാത്ത സ്ഥലം ഇല്ലെന്ന് പറയാം. മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകുന്നതിന് കൃത്യമായ ഓടകളില്ല. മിക്ക ഇടങ്ങളിലും വെള്ളക്കെട്ടുമുണ്ട്. ഇരുചക്രവാഹനയാത്രികര്‍ കുഴികളില്‍ അപകടത്തില്‍പ്പെടുന്നു. കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീഴുന്നത് കൂടാതെ ചെളിയഭിഷേകത്തിനും ഇരയാകുന്നു.
ഈ കലുങ്കുകൊണ്ട് ആര്‍ക്കുപ്രയോജനം
കാണക്കാരി പഞ്ചായത്തും കടപ്ലാമറ്റം പഞ്ചായത്തും അതിരിടുന്ന വയലാ ഭാഗത്ത് പുതുതായി ഒരു കലുങ്ക് പണിതിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പത്തെ വെള്ളപ്പൊക്കത്തില്‍ ഇത് ഇടിഞ്ഞുപോയി. വീണ്ടും വാഹനങ്ങള്‍ പഴയ കലുങ്കിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതും ശോച്യാവസ്ഥയിലാണ്.
രാഷ്ട്രീയ വടംവലി റോഡ് വികസനത്തിന് തടസ്സം
കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലിയാണ് യഥാര്‍ത്ഥത്തില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്നാണ് ആരോപണം. രാഷ്ട്രീയ കളികള്‍ മുറുകുമ്പോഴും പാവപ്പെട്ട ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പൊതുപ്രവര്‍ത്തകര്‍ പോലും ചെറുവിരല്‍ അനക്കുന്നില്ല എന്നാണാക്ഷേപം.
റോഡ് എത്രയുംവേഗം നന്നാക്കണം.
കുമ്മണ്ണൂര്‍ - കടപ്ലാമറ്റം - വയലാ - വെമ്പള്ളി റോഡ് എത്രയുംവേഗം നന്നാക്കാന്‍ അധികാരികള്‍ സത്വര നടപടി സ്വീകരിച്ചേ തീരൂ.
- എ.എസ്. ബിനു, മാറിയിടം എസ്.എന്‍.ഡി.പി. ശാഖാ മുന്‍ സെക്രട്ടറി
0 Comments