പാലാ ടൗണ്‍ ബസ് സ്റ്റാന്റ് വെയ്റ്റിംഗ് ഷെഡിന് മുന്നില്‍ വെള്ളവും ചെളിക്കുഴിയും...


സുനില്‍ പാലാ


പാലാ ടൗണ്‍ ബസ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡില്‍ ബസിലേക്ക് നോക്കി കയറുകയോ ഇറങ്ങുകയോ ചെയ്തില്ലെങ്കില്‍ ചെളിക്കുഴിയില്‍ പെട്ടേക്കാം. നെടുനീളെയുള്ള വെയ്റ്റിംഗ് ഷെഡ്ഡിന്റെ നീളത്തോളം മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഒഴുകിപ്പോകാന്‍ ഇടമില്ല. ഇതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. 



കോട്ടയം റൂട്ടിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്ന വെയ്റ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്നാണ് റോഡില്‍ ഒറ്റമഴയില്‍ മുട്ടൊപ്പം വെള്ളമുയരുന്നത്. ഇവിടെ ബസുകളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ നേരെ ചാടുന്നത് വെള്ളക്കുഴിയിലേക്കാണ്. യാത്രക്കാരുടെ ദേഹവും വസ്ത്രവും ചെളിവെള്ളത്തില്‍ കുളിക്കാന്‍ വേറെന്തെങ്കിലും വേണോ.

ഈ വെയ്റ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്റുകാരും ഈ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടിലൂടെ വന്ന് ആരും ഓട്ടം വിളിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

റോഡ് ടാര്‍ ചെയ്ത് ഉയര്‍ത്തിയപ്പോള്‍ തോട്ടിലേക്ക് തുറന്നിരുന്ന ഓടകള്‍ ഉയര്‍ന്നുപോയതാണ് വെള്ളം കെട്ടിക്കിടക്കാന്‍ പ്രധാന കാരണം. ഇവിടെ ഓട പുതുതായി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഈ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയൂ.

സ്‌കൂള്‍, കോളേജ് എന്നിവ കൂടി തുറന്നതോടെ ടൗണ്‍ ബസ് സ്റ്റാന്റില്‍ രാവിലെയും വൈകുന്നേരവും വിദ്യാര്‍ത്ഥികളുടെ വന്‍തിരക്കുമുണ്ട്. ഈ വെള്ളക്കെട്ടില്‍ ചാടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ നിന്ന് ഇറങ്ങാനോ കയറാനോ കഴിയില്ല.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ദുരിതം പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെയും പാലാ നഗരസഭാ അധികാരികളെയും യാത്രക്കാര്‍ അറിയിച്ചിട്ടുണ്ട്.


അപകടങ്ങള്‍ക്കും സാധ്യതയേറെ


വെള്ളക്കെട്ടില്‍ ചാടിയിറങ്ങുകയോ കയറുകയോ ചെയ്യുമ്പോള്‍ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ
എത്രയുംവേഗം ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണം - 

അജിത് പനയ്ക്കല്‍.



പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമിക്കും - നഗരസഭാ ചെയര്‍മാന്‍


ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എത്രയുംവേഗം പരിഹാരത്തിന് ശ്രമിക്കുമെന്നും പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments