മാളം വിട്ട് പാമ്പുകള്‍, കരുതല്‍ വേണം; തുരുത്തിപ്പള്ളിചിറ നാട്ടൂകാര്‍ ഭീതിയില്‍



സുനില്‍ പാലാ

നാടിനെ ഭീതിയിലാഴ്ത്തി പാമ്പോടുപാമ്പുകള്‍.... അതും പെരുമ്പാമ്പ്. മറ്റക്കര ആലുംമൂട് തുരുത്തിപ്പള്ളി ചിറയിലാണ് പെരുമ്പാമ്പുകളുടെ കളി. ഈ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പുകള്‍ വിലസുകയാണ്.

അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ആലുംമൂടിന് സമീപം തുരുത്തിപ്പള്ളി ചിറയിലാണ് നിരവധി പെരുമ്പാമ്പുകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. 




ഏകദേശം 18 ഏക്കര്‍ വിസ്തൃതി വരുന്ന ഈ തണ്ണീര്‍ത്തട പ്രദേശം കാട് കയറിക്കിടക്കുകയാണിപ്പോള്‍. ഇവിടമാണ് പെരുമ്പാമ്പുകളുടെ താവളമായി മാറിയിട്ടുള്ളത്.

മുന്‍ വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ ഒഴുകിയെത്തിയ പാമ്പുകള്‍ പെരുകിയതാവാം എന്ന് കരുതുന്നു.  അപൂര്‍വ്വയിനം പക്ഷികളുടേയും മറ്റ് ജലജീവികളുടേയും ആവാസ മേഖല കൂടിയാണ് തുരുത്തിപ്പള്ളിച്ചിറ. താമരക്കോഴികള്‍, കൊറ്റികള്‍, വിവിധ തരം ശുദ്ധജല മത്സ്യങ്ങള്‍, പച്ച തവളകള്‍ എന്നിവയുടെയെക്കെ ആവാസ മേഖലയുമായിരുന്നു ഇവിടം.

എന്നാല്‍ പെരുമ്പാമ്പുകള്‍ പെരുകിയതോടെ  ഇത്തരം ജീവികളെ ഇപ്പോള്‍ അപൂര്‍മായി മാത്രമേ കാണാനുള്ളൂ എന്ന് പ്രദേശവാസികള്‍ പറയുന്നു. പെരുമ്പാമ്പ് ശല്യം മൂലം പ്രദേശത്തെ ക്ഷീരകര്‍ഷകരും വലിയ ഭീതിയിലാണ്. പ്രദേശത്ത് കന്നുകാലികളെ മേയ്ക്കുന്നവരും പുല്ലുചെത്തുന്നവരും പലതവണ പെരുമ്പാമ്പുകളെ കണ്ടു. സമീപ പ്രദേശത്തെ റോഡുകളിലും മറ്റും പകല്‍ സമയത്തും പാമ്പുകളെ കാണുന്നതായി പറയുന്നു. നിരവധി വീടുകളും പ്രദേശത്ത് ഉള്ളതിനാല്‍ ജനങ്ങളുടെ സ്വര്യജീവിതത്തിനും ഇവ ഭീഷണിയായേക്കാം.

തുരുത്തിപ്പള്ളി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് സമീപത്താണ് ഈ ചിറ. വളര്‍ന്നു വരുന്ന തുരുത്തിപ്പള്ളി ടൂറിസം പദ്ധതിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കാടുകയറി മൂടിയ വിശാലമായ ചിറ ഭാഗത്തേക്ക് പാമ്പുകള്‍ ഇഴഞ്ഞ് മറഞ്ഞാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നാലും ഇവയെ പിന്നീട് കണ്ടെത്തുക പ്രയാസമാണ്. 
 
 
പ്രദേശം വൃത്തിയാക്കി തുരുത്തിപ്പളളി ടൂറിസവുമായി ബന്ധിപ്പിക്കുകയോ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുകയോ ചെയ്താല്‍ പെരുമ്പാമ്പ് ശല്യം ഒരു പരിധി വരെ കുറയുമെന്ന് നാട്ടുകാര്‍ പറയുന്നു. പെരുമ്പാമ്പ് ശല്യം ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് മറ്റക്കര സബര്‍മതി ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments