കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ ഫാ.ആര്‍മണ്ട് മാധവത്ത് കൃതജ്ഞതാബലിയും അനുസ്മരണ സമ്മേളനവും 30 നു മരങ്ങാട്ടുപിള്ളിയില്‍ നടത്തും.
രാവിലെ 10.30 നു സെന്റ് ഫ്രാന്‍സീസ് അസ്സീസി പള്ളിയില്‍ സിറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി.
11.45 നു പാരീഷ് ഹാളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിയമ്പ്രാ കുടുംബയോഗം രക്ഷാധികാരി ഫാ.ഡോ. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
പാലയ്ക്കാട്ടുമല മാധവത്ത് ഫ്രഞ്ചിയുടെയും കുടക്കച്ചിറ കീരമ്പനാല്‍ റോസമ്മയുടെയും 8 മക്കളില്‍ മൂന്നാമനായി 1930 നവംബര്‍ 25 നു ആണ് ഫ്രാന്‍സിസ് ജനിച്ചത്. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ 4 വരെയും കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്‌കൂളില്‍ 7 വരെയും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1947 ജൂണില്‍ വൈദിക പഠനത്തിനായി അജ്മീര്‍ കപ്പൂച്ചിന്‍ സെമിനാരിയില്‍ യില്‍ ചേര്‍ന്നു.
1942 ല്‍ വയനാട് നടവയലിലേക്ക് ഫാ.ആര്‍മണ്ടിന്റെ കുടുംബം കുടിയേറി. അജ്മീറിലും ഗോവയിലുമുള്ള പഠനശേഷം 1954 മേയ് 13 നു സഭാവസ്ത്രം സ്വീകരിച്ചു. 1960 മാര്‍ച്ച് 25 നു ഊട്ടി രൂപത പ്രഥമ മെത്രാന്‍ മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം പൊന്നുരുന്നി ആശ്രമം, ആലുവ നസ്രത്ത് ആശ്രമം, മംഗലാപുരം മോന്തേമരിയാനാ ആശ്രമം, കര്‍ണാടകയിലെ ദര്‍വാര്‍ ആശ്രമം, മൂവാറ്റുപുഴ വാഴപ്പള്ളി ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ സേവനം ചെയ്തു
1971 ല്‍ ഭരണങ്ങാനം അസീസി സെമിനാരി റെക്ടറായി. 25 വര്‍ഷം ഭരണങ്ങാനം അസീസിയായിരുന്നു കര്‍മമണ്ഡലം. അസീസി ധ്യാനമന്ദിരം ഡയറക്ടറായും അസി.ഡയറക്ടറായും സേവനം ചെയ്തു. 1996 ജൂണില്‍ ഇരിട്ടി പട്ടാരത്ത് ധ്യാന കേന്ദ്രം സ്ഥാപിക്കാനായി പുറപ്പെട്ടു. പാലാ രൂപതാ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപതയിലെ ഇടവകകളില്‍ അത്മായ സഭ യൂണിറ്റുകള്‍ സ്ഥാപിച്ചു. സ്‌നേഹഭവന്‍ എന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള ധര്‍മസദനവും നടത്തി.
മലയാളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചത് ഫാ ആര്‍മണ്ടാണ്. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ വിജയത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ദാരിദ്ര്യത്തിലും എളിമയിലും പ്രാര്‍ഥനയിലും പരിത്യാഗത്തിലും സാഹോദര്യത്തിലും സമഭാവനയിലും ജീവിച്ച ഫാ.ആര്‍മണ്ട് 2001 ജനുവരി 12 നു നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഇരിട്ടി പട്ടാരം വിമലഗിരി ധ്യാന കേന്ദ്രത്തില്‍ സംസ്‌കാരം നടത്തി. ജൂലൈ13 നു ദൈവദാസനായി പ്രഖ്യാപിച്ചു.




0 Comments