വീട്ടിലെ വൈദ്യുതമീറ്ററിൽ നിന്ന് നേരിട്ട് വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശിനിയായ രമ്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ടത്. രമ്യയുടെ മൂത്തമകൻ അത്ഭുതകരമായാണ് രക്ഷപെട്ടത്.
ഇന്നു രാവിലെ വാതിൽ തുറക്കുന്നതിനിടെ രമ്യയുടെ മൂത്തമകൻ അലന് ഷോക്കേറ്റു. ഭാഗ്യവശാൽ വലിയ അപകടം ഒഴിവായി. തുടർന്ന് മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങിയ കുട്ടിയാണ് വൈദ്യുതമീറ്ററിൽ നിന്ന് വയർ കണക്റ്റ് ചെയ്ത് മുൻവാതിലിൽ ചുറ്റിയിരിക്കുന്നതായി കണ്ടെത്തിയത്.
സംഭവം ഉടൻ നാട്ടുകാരെയും രമ്യയുടെ സഹോദരനെയും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
രമ്യ ഭർത്താവിൽ നിന്ന് ഏറെ നാളായി വേർപിരിഞ്ഞ് കഴിയുന്നുവെന്നാണ് വിവരം. കുടുംബവഴക്കമോ വ്യക്തിപരമായ വൈരാഗ്യമോ സംഭവത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.


0 Comments