അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥിനീ സംഗമം അൽസ്റ്റാജിയ 2025 നാളെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥിനീസംഗമം അൽസ്റ്റാജിയ നാളെ, 2025 ജനുവരി 25 ന് നടത്തപ്പെടുന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
വജ്രജൂബിലി നിറവിൽ നിൽക്കുന്ന കലാലയം കലാകായിക സാംസ്കാരിക സാമൂഹികസേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്കി മുന്നേറുന്നു. ജൂബിലിയോടനുബന്ധിച്ച് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "സ്നേഹവീട് " എന്ന പ്രോജക്ടിന്റെ കീഴിൽ 35 വീടുകൾ നിർമ്മിച്ചു നല്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഡി എസ് ടി ഫിസ്റ്റ്, ഡി ബി റ്റി സ്റ്റാർ, ഡിഎസ് ടി ക്യൂറി എന്നീ പദ്ധതികളുടെ ഭാഗമായി 2 കോടി 84 ലക്ഷം രൂപ നേടിയെടുക്കാൻ കോളേജിനു സാധിച്ചു.
ഈയവസരത്തിൽ ഓർമ്മകളുടെ വസന്തകാലം മനസ്സിൽ നിറച്ച് പൂർവ്വവിദ്യാർത്ഥിനികൾ കോളേജിൽ അണിചേരുന്നു. സംഗമത്തോടനുബന്ധിച്ച് ഇൻ്റർകോളേജിയറ്റ് ഡാൻസ് മത്സരം കോഡാക്സ് 2K25 രാവിലെ 9:30 ന് നടത്തപ്പെടുന്നു. ഔദ്യോഗിക സമ്മേളനം 11:45 ന് ആരംഭിക്കും.
കോളേജ് അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ആൻസി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ്, ഡോ പൗളിൻ ബാബു മുഖ്യാതിഥി ആയിരിക്കും. ഈ അദ്ധ്യയന വർഷം വിരമിക്കുന്ന അദ്ധ്യാപകരെയും അനദ്ധ്യാപകരയും സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന പൂർവ്വവിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിക്കും.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മുൻ അദ്ധ്യാപിക മിസ് റെബേക്കാ സൂസൻ മാർഗരറ്റ് രചിച്ച കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടും. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥിനികളെയും കോളേജ് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രിൻസിപ്പൽ ഫാ. ഡോ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിയാ മാത്യു, ഡോ.സി. മഞ്ചു എലിസഞ്ചത്ത്, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ആൻസി ജോസഫ്, അലുമ്നി അസോസിയേഷൻ ഭാരവാഹികളായ മിസ് റൂബി മോൾ ഫിലിപ്പ്, മിസ് ജൂലി പറ മുണ്ടയിൽ, മിസ് ജെസ്സി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments