സെന്റ് തോമസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ... വീഡിയോ വാർത്തയോടൊപ്പം കാണാം


  കഴിഞ്ഞ ഏഴര പതിറ്റാണ്ടായി മരങ്ങാട്ടുപിള്ളി ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന സെന്റ് തോമസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേക്ക്. നാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിനും നിരവധി മഹാരഥന്മാരെ രൂപപ്പെടുത്തുന്നതിനും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള സരസ്വതീക്ഷേത്രം ചരിത്രത്തിന്റെ താളുകളിൽ 75 വർഷം പൂർത്തിയാക്കുന്നു .1920 ൽ റവ.ഫാ.വർഗീസ് പുളിക്കീൽ സെന്റ്‌ ഫ്രാൻസിസ് അസീസി പള്ളിവികാരി ആയിരുന്നപ്പോൾ ആരംഭിച്ച എൽ പി സ്കൂൾ ആണ് 1948 ൽ യു പി സ്കൂളായും 1951ഓഗസ്‍റ്റില്‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടത്.

മരങ്ങാട്ടുപിള്ളി പ്രദേശത്തെ നാനാ ജാതി മതസ്ഥരായ കുട്ടികൾക്ക് മികവുറ്റ അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെർണ്ണാക്കുലർ (വി.എം സ്കൂൾ ) മലയാളം സ്കൂൾ ആണ് സെന്റ് തോമസ് സ്കൂൾ ആയി മാറിയത്.ബഹുമാനപ്പെട്ട റവ. ഫാ.എബ്രഹാം തൊണ്ടിക്കലച്ചനായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ.സ്കൂളിന്റെ രൂപീകരണത്തിനും അതിന്റെ വളർച്ചയ്ക്ക് പിന്നിലും ദീർഘ ദർശികളായ ഇടവക വികാരിമാരുടെയും അധ്യാപകരുടെയും കഠിനാധ്വാനികളായ നാനാ ജാതി മതസ്ഥരായ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനകളും പരിശ്രമവും ഉണ്ട്.

വീഡിയോ ഇവിടെ കാണാം 👇👇👇


സ്കൂളിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മികവുറ്റതാക്കിതീർത്തത് 2011 മുതൽ 2016 വരെ സ്കൂൾ മാനേജരായിരുന്ന റവ. ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അച്ചനാണ്.സർക്കാർ തലത്തിൽ ഹൈടെക് സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ ആലപ്പാട്ട് കുന്നേൽ അച്ചന്റെ നേതൃത്വത്തിൽ രണ്ട് ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി IT വികസനത്തിന് സെന്റ് തോമസ് സ്കൂൾ തുടക്കം കുറിച്ചിരുന്നു . 2016 മുതൽ 2021 ഫെബ്രുവരി വരെ സ്കൂൾ മാനേജർ ആയിരുന്ന യശ:ശരീരനായ റവ.ഫാ. ജോർജ് വഞ്ചി പുരയ്ക്കൽ അച്ചന്റെ നേതൃത്വം വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി . കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി 3 സ്കൂൾ ബസ്സുകൾ വാങ്ങിയതും 10 ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റുന്നതിന് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയതും ബഹുമാനപ്പെട്ട വഞ്ചി പുരക്കൽ അച്ഛന്റെ നേതൃത്വത്തിൽ ആണ്.



പാലാ സെന്റ് തോമസ് കോളേജിൽ അനേക വർഷം അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചശേഷം 2021 മുതൽ സ്കൂളിന്റെ മാനേജരായി ചുമതലയേറ്റ വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ റവ. ഫാ. ജോസഫ് ഞാറക്കാട്ടിലച്ചന്റെ വിദ്യാഭ്യാസ മേഖലയിലുള്ള അനുഭവസമ്പത്തും ദീർഘവീക്ഷണവും സെന്റ് തോമസ് ഹൈസ്കൂളിന് മുതൽക്കൂട്ടായി മാറിയിരിക്കുന്നു. അച്ചന്റെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച മൂന്ന് നില മന്ദിരം സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് സഹായകരമാണ്.ഇപ്പോൾ സ്കൂളിൽ 500 ഓളം കുട്ടികൾ അധ്യയനം നടത്തി വരുന്നു.

ഹെഡ്മിസ്റ്ററസ്സ്   ലിന്റാ എസ് പുതിയാപറമ്പിലിന്റെ നേതൃത്വത്തിലുള്ള പ്രഗൽഭരായ അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന ഇരുപത്തിയേഴോളം സ്റ്റാഫ് അംഗങ്ങൾ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു.ശ്രീ.റോബിൻ കരിപാത്തിന്റെ നേതൃത്വത്തിലുള്ള സേവന സന്നദ്ധരായ ഒരു പറ്റം മാതാപിതാക്കളടങ്ങിയ പി. റ്റി. എ സ്കൂളിന്റെ മുതൽക്കൂട്ടാണ്.


 ടി.കെ ജോസ് IAS ( മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ), ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ജോർജ് കുളങ്ങര ,സഫാരി ചാനൽ എംഡിയും ലോക സഞ്ചാരിയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര , തുടങ്ങിയവർ ഈ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. കൂടാതെ ഡോക്ടർമാർ എഞ്ചിനീയർമാർ ,അദ്ധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങീ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവർ, അങ്ങനെ സെന്റ് തോമസിൽ പഠിച്ചു പടിയിറങ്ങിയ അനേകം പൂർവവിദ്യാർത്ഥികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തി വരുന്നു. വർഷങ്ങളായി ശാസ്ത്രവിഷയങ്ങളിൽ ദേശീയ,സംസ്ഥാന, ജില്ലാ തലങ്ങളിലും കാർഷിക പ്രവർത്തനങ്ങളിൽ സംസ്ഥാന-ജില്ലാ തലങ്ങളിലും പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2022ൽ ഏർപ്പെടുത്തിയ കാർഷിക സ്കൂളിനുള്ള പ്രഥമ അവാർഡും 2024 ലെ അവാർഡും ലഭിച്ചു.


പതിനൊന്നാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെന്റ് ഫ്രാൻസിസ് അസീസി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ജൂബിലി ആഘോഷ സമ്മേളനത്തിന് സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് ഞാറക്കാട്ടിൽ അധ്യക്ഷത വഹിക്കുന്നതും പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതുമാണ്. കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നതും പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്നതും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ എ എസ്,ജൂബിലി ലോഗോ പ്രകാശനം ചെയ്യുന്നതുമാണ്. പ്രസ്തുത സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതുമാണ്.

 പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് ഞാറക്കാട്ടിൽ,  ഹെഡ്മിസ്ട്രസ്  ലിന്റാ എസ്.പുതിയാപറമ്പിൽ , ജനറൽ കൺവീനർ  അലക്സ് കൊട്ടാരം, പിടിഎ പ്രസിഡന്റ് റോബിൻ കരിപ്പാത്ത്, ജോൺസൺ പുളിക്കിയിൽ, ജോസുകുട്ടി ഉപ്പാന്തടം, ടി.എസ്.ജയിംസ് എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments