23- മത് കോട്ടയം ജില്ല സ്കൂൾ കായികമേള ഒക്ടോബർ 15 ,16 ,17 തീയതികളിൽ പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടത്തുമെന്ന് സംഘാടക സമിതി അംഗങ്ങൾ പാലായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളിൽ നിന്നായി 3800 ഓളം വിദ്യാർത്ഥികൾ 97 ഇനങ്ങളിൽ മത്സരിക്കും.
15ന് രാവിലെ മാർച്ച് പാസ്റ്റോടു കൂടി മത്സരങ്ങൾ ആരംഭിക്കും. കോട്ടയം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി ജെ. അലക്സാണ്ടർ പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജി ജോജോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് ചീരാംകുഴി, പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി, ഡി.ഇ.ഒ സത്യപാലൻ പി, ജില്ലാ സ്പോർട്ട്സ് കോർഡിനേറ്റർ ബിജു ആൻ്റണി, സെക്രട്ടറി സജിമോൻ, രാജേഷ് എൻ.വൈ എന്നിവർ ആശംസയർപ്പിക്കും. ജില്ല വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ സ്വാഗതവും, മുനിസിപ്പൽ കൗൺസിലർ വി.സി പ്രിൻസ് കൃതജ്ഞതയും പറയും.
സമാപന സമ്മേളനം 17 വെള്ളിയാഴ്ച വൈകിട്ട് 4ന് ജോസ്.കെ മാണി എം.പി യുടെ അധ്യക്ഷതയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
കായികമേളയോടനുബന്ധിച്ച് ലോഗാ പബ്ലിസിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ജോബി കുളത്തറ എന്നിവർ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിനു നൽകി പ്രകാശനം ചെയ്തു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് കെ.എസ്.എസ്.ടി.എഫ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കെ.എം മാണി മെമ്മോറിയൽ ട്രോഫിയും പുതുതായി ഏർപ്പെടുത്തി.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുമെന്ന് കൺവീനർ രാജ്‌കുമാർ കെ അറിയിച്ചു. പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ കൗൺസിലർമാരായ ലീന സണ്ണി, ജോസ് ചീരാംകുഴി, എ.ഇ.ഒ സജി കെ.ബി, രാജേഷ് എൻ.വൈ., ജിഗി ആർ., റെജി കെ. മാത്യു, ഫാ. റെജിമോൻ സ്കറിയ എന്നിവർ പങ്കെടുത്തു.
0 Comments