അടിമാലിയിൽ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അശാസ്ത്രീയമായ മണ്ണെടുപ്പും റോഡ് വീതി കൂട്ടലും ദുരന്തത്തിന് വഴിവച്ചെന്ന് നാട്ടുകാർ. പ്രദേശത്ത് ആറു വീടുകളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അശാസ്ത്രീയവും നിരുത്തരവാദപരവുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഈ ദുരന്തത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് വാദം. മഴയില്ലാത്ത സാഹചര്യത്തിൽ പോലും വലിയ മണ്ണിടിച്ചിൽ ഉണ്ടായത് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് സൂചിപ്പിക്കുന്നെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
രക്ഷാദൗത്യവും ആശങ്കയും രാത്രി ഏകദേശം 10:30 ഓടുകൂടിയാണ് അപകടം നടന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കോൺക്രീറ്റ് കെട്ടിടം പൂർണ്ണമായും ഇടിഞ്ഞ് താഴേക്ക് പതിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായി ഏതാണ്ട് അഞ്ചു മണിക്കൂറുകൾക്ക് ശേഷമാണ് സന്ധ്യയെ പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. കോൺക്രീറ്റ് ബീമിനും കട്ടിലിനും അലമാരിയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു സന്ധ്യ. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം ഉണ്ടായ ആദ്യഘട്ടം മുതൽ തന്നെ സന്ധ്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിജുവിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. ഒഴിവായ വലിയ ദുരന്തം കഴിഞ്ഞ വെള്ളിയാഴ്ചയും (രണ്ട് ദിവസം മുൻപ്) ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടി 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി. മണ്ണിനടിയിലായ ആറോളം വീടുകളിൽ ഉണ്ടായിരുന്ന ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. തൊട്ടടുത്തുള്ള ഗവൺമെന്റ് സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ഭക്ഷണം കഴിക്കാനായി ബിജുവും സന്ധ്യയും വീട്ടിലേക്ക് എത്തിയപ്പോൾ അപകടം സംഭവിച്ചതായാണ് വിവരം. ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ച ഘട്ടം മുതൽ തന്നെ മതിയായ സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടില്ല എന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
അശാസ്ത്രീയമായ മണ്ണെടുപ്പും തുടർന്നുണ്ടായ മണ്ണിടിച്ചിലും ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ല എന്ന് അടിമാലി പഞ്ചായത്ത് ആരോപിക്കുന്നു. പ്രദേശവാസികൾ വിള്ളൽ രൂപപ്പെട്ടതായി അറിയിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ പോലീസിനെയും ജില്ലാഭരണകൂടത്തെയും കളക്ടറെയും അടക്കം ബന്ധപ്പെട്ടിട്ടും ആരും ഫോൺ എടുക്കാൻ തയ്യാറായില്ല എന്ന ആരോപണവും പഞ്ചായത്ത് ഉന്നയിക്കുന്നുണ്ട്. നിലവിൽ അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക് പോകുമ്പോൾ റോഡിന്റെ ഒരുവശം ഉയർന്ന മലയും മറുവശം താഴ്ന്ന പ്രദേശവുമാണ്. ഈ മലയുടെ ഒരു ഭാഗം അരിഞ്ഞെടുത്താണ് റോഡ് വീതി കൂട്ടുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ സംരക്ഷണ ഭിത്തിയോ ഇല്ലാതെ നിർമ്മാണം തുടർന്നാൽ ഈ മേഖലയിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടോ എന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെക്കുന്നു.




0 Comments