ആന്ധ്രാപ്രദേശിലെ കർണൂര്‍ ജില്ലയില്‍ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയില്‍ സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. നിലവിൽ 20 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിൻ്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവൽസിൻറ സ്കാനിയ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
പോലീസ് പറയുന്നതനുസരിച്ച്, രാത്രി 10.30 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട കാവേരി ട്രാവൽസ് സ്വകാര്യ ബസ് പുലർച്ചെ 3:30 ന് ചിന്നത്തേക്കൂറിൽ വച്ച് ഒരു ഇരുചക്രവാഹനത്തിൻ്റെ പിന്നിൽ ഇടിച്ചു. ബൈക്ക് ബസിനടിയിലേക്ക് കയറി ഇന്ധന ടാങ്കിൽ ഇടിച്ചു. തീ പടർന്നു ബസ് മുഴുവൻ കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും മരിച്ചതായി കർണൂൽ റേഞ്ച് ഡിഐജി കോയ പ്രവീൺ പറഞ്ഞു. ബസിൽ മുഴുവൻ തീ പടർന്നതോടെ ഗാഢനിദ്രയിലായിരുന്ന യാത്രക്കാർ ഉണർന്നു. ചിലർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. പലരും തീയിൽ കുടുങ്ങി. യാത്രക്കാരിൽ ചിലർ ബസിൻ്റെ അടിയന്തര വാതിൽ തകർത്ത് പുറത്തേക്ക് ചാടി. ബസിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത്.
അവരിൽ 39 പേർ മുതിർന്നവരും രണ്ട് പേർ ചെറിയ കുട്ടികളുമാണ്. ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദ് നഗരത്തിൽ നിന്നുള്ളവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ഐടി നഗരമായ ബെംഗളൂരുവിലേക്ക് ദീപാവലി അവധി കഴിഞ്ഞ മടങ്ങുന്നവരായിരുന്നു യാത്രക്കാരിൽ അധികം. അതേസമയം, ബസിൻ്റെ പ്രധാന ഡ്രൈവറെ കാണാനില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മറ്റൊരു ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ശിവനാരായണ, ലക്ഷ്‌മയ്യ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൂർണ അന്വേഷണം നടന്നുവരികയാണ്. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.




0 Comments