പാലാ അൽഫോൻസാ കോളേജിൽ റോബോട്ടിക്സ് ആൻഡ് AI എന്ന നൈപുണ്യ വികസന കോഴ്സ് ധാരണ പത്രം ഒപ്പുവച്ചു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥിനികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജും എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെന്റർ കോട്ടയവും തമ്മിൽ ധാരണ പത്രം ഒപ്പുവെച്ചു. മാറുന്ന കാലഘട്ടത്തിൽ വളരെ പ്രാധാന്യം ഉള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ആയ റോബോട്ടിക്സ്, എ ഐ തുടങ്ങിയ കോഴ്സുകളിൽ പ്രായോഗിക പരിജ്ഞാനം നൽകാൻ ലക്ഷ്യമിടുന്ന കോഴ്സ്, കോളേജിലെ മുഴുവൻ വിദ്യാർഥിനികൾക്കും ലഭ്യമാവുക എന്ന ഉദ്ദേശത്തോടെയാണ് ധാരണപത്രം ഒപ്പുവെച്ചത്.
സഹകരണ വിശദാംശങ്ങൾ എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻറർ പ്രതിനിധി, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി. ഈ പങ്കാളിത്തത്തിലൂടെ കോളേജിലെ വിദ്യാർത്ഥിനികൾക്ക് വ്യാവസായിക നിലവാരത്തിലുള്ള പരിശീലനവും അത്യാധുനിക പഠന സാമഗ്രികളും ലഭ്യമാകും.
അൽഫോൻസാ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കോഴ്സ് വിദ്യാർത്ഥിനികളുടെ നൈപുണ്യ വികസനം ത്വരിതപെടുത്തുകയും തൊഴിൽ പ്രാവീണ്യവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും. തദവസരത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് എച്ച്.ഒ.ഡി.ഡോ. വിജു ത സണ്ണി, കോർഡിനേറ്റർ മിസ് രേഖ മാത്യു, മറ്റ് അധ്യാപകർ, എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻറർ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.



0 Comments