ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രൊഫ. പാൽകുളങ്ങര കെ. അംബികദേവിക്ക് സമ്മാനിക്കും
ഗുരുവായൂർ ദേവസ്വം നൽകുന്ന 2025ലെ ശ്രീ : ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞയും സംഗീത അധ്യാപികയുമായ പ്രൊഫ. പാൽകുളങ്ങര കെ അബികദേവിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം .ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാടഎന്നിവയടങ്ങുന്നതാണ് പുരസ്കാരം . ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ (നവംബർ 16ന് , 5 pm) വെച്ച് പുരസ്കാരം സമ്മാനിക്കും.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാ ആചാര്യ അവാർഡ് നേടിയ പ്രൊഫ. പാൽകുളങ്ങര കെ.അംബികാദേവി മൂന്നു പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം സ്വാതി തിരുനാൾ ഗവൺമെൻ്റ് സംഗീത കോളേജിൽ അധ്യാപികയായിരുന്നു.തിരുവനന്തപുരം സ്വദേശിയാണ്. പ്രൊഫസറായി സർവ്വീസിൽ നിന്നും വിരമിച്ചു. അനേകം ശിഷ്യ സമ്പത്തിനുടമയാണ്.1958 ൽ ആകാശവാണി നടത്തിയ ദേശീയ സംഗീത മത്സരത്തിൽ ഇൻഡ്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്നും പ്രസിഡൻ്റ്സ് അവാർഡ് നേടി.1973 മികച്ച സംഗീതജ്ഞയ്ക്കുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ് ,ഗായകരത്നം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നുചേർന്ന' ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ്പുരസ്കാർഹയെ തീരുമാനിച്ചത്. പ്രശസ്ത സംഗീതജ്ഞൻ ഡോ.രംഗനാഥ ശർമ്മ ,ഡോ.സദനം ഹരികുമാർ , ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെയർമാൻ ഡോ.വി.കെ. വിജയൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. 21മത്തെ പുരസ്കാരമാണ് പ്രൊഫ.പാൽകുളങ്ങര കെ അംബികാദേവിയെ തേടിയെത്തിയത് .
ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥ്, , മനോജ്.ബി.നായർ, കെ.എസ്. ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരായി.





0 Comments