ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ആശ്രയിക്കുന്ന പ്രധാന ശരണപാതയിൽ യാത്രാദുരിതം. മൂവാറ്റുപുഴ-രാമപുരം-എരുമേലി റോഡ് കുഴികളടച്ചില്ല, കാട് വെട്ടിയില്ല മുന്നറിയിപ്പ് സംവിധാനവുമില്ല ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ അതിർത്തിയിലൂടെ പോകുന്ന മൂവാറ്റുപുഴ-രാമപുരം-എരുമേലി റോഡാണ് അയ്യപ്പന്മാരുടെ നടുവൊടുക്കുന്നത്. പുറപ്പുഴ, പാലക്കുഴ, രാമപുരം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പല ഭാഗങ്ങളിലും യാത്ര ദുഷ്കരമാണ്.
വടക്കൻ ജില്ലകളിൽനിന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരിൽ വലിയൊരുവിഭാഗം മൂവാറ്റുപുഴയിൽ നിന്ന് പണ്ടപ്പള്ളി-മാറിക-രാമപുരംവഴിയാണ് എരുമേലിയിലെത്തി ശബരിമല ദർശനത്തിനായി പോകുന്നത്. എല്ലാ മണ്ഡല-മകരവിളക്ക് സീസണിലും നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ ഈ റൂട്ടിലൂടെ പോകുന്നുണ്ട്. ഇതിനുപുറമെ ചെറുസംഘങ്ങളായും ഒറ്റയ്ക്കും കാൽനടയായും പോകുന്നവും ഏറെ.
തീർഥാടക വാഹനങ്ങൾക്കൊപ്പം സർവീസ് ബസുകൾ ഉൾപ്പെടെയുള്ള സ്ഥിരം വാഹനങ്ങൾ കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് അസഹനീയമാകും. ഇത്രയേറെ പ്രാധാന്യമുള്ള സംസ്ഥാന പാതയായിട്ടും തീർഥാടനത്തിന് തൊട്ടുമുമ്പ് അറ്റകുറ്റപ്പണി നടത്താൻ അധികാരികൾ തയ്യാറായിട്ടില്ല. വിവിധയിടങ്ങളിൽ രൂപപ്പെട്ട കുഴികൾ അടിച്ചിട്ടില്ല. വശങ്ങളിലെ കാടുകൾ റോഡിലെ കാഴ്ച മറയ്ക്കുംവിധം വളർന്നു.
കൊടുംവളവുകളിൽ ഉൾപ്പെടെ മുന്നറിയിപ്പ് വിളക്കുകളും വേഗനിയന്ത്രണ സംവിധാനവും ഇല്ല. റോഡ് സംരക്ഷണത്തിന് നിർമിച്ച കരിങ്കൽ കെട്ടുകൾ പലയിടത്തും തകർന്നിട്ടുണ്ട്. സംസ്ഥാന പാതയാണെങ്കിലും വീതി തീരെ കുറവാണ്. എതിർദിശകളിൽനിന്നെത്തുന്ന വലിയവാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടും.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്നമാണ്. ഇടത്താവളങ്ങളോ ആവശ്യത്തിന് വിശ്രമകേന്ദ്രങ്ങളോ ഇല്ല. ഇതിനാൽ അയ്യപ്പന്മാർ റോഡിലെ വീതികൂടിയ ഭാഗങ്ങൾ താത്കാലിക വിശ്രമകേന്ദ്രങ്ങളാക്കുന്നത് പതിവാണ്. ഇതും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകാറുണ്ട്.എത്രയും പെട്ടെന്ന് റോഡ് നന്നാക്കി ശബരിമല തീർഥാടനം സുഗമമാക്കണം എന്നാണ് ആവശ്യം ഉയരുന്നത്.





0 Comments