ജില്ലയില്‍ വീട്ടില്‍ വോട്ട് ചെയ്തത് 15681 പേര്‍
കോട്ടയം: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്‍. ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്‍മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
മൈക്രോ ഒബ്സര്‍വര്‍, പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി സജ്ജീകരിച്ചത്. ഇവര്‍ ബി.എല്‍.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു.
വോട്ടു രേഖപ്പെടുത്തി പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയില്‍ നിക്ഷേപിച്ച ബാലറ്റുകള്‍ അതതു ദിവസംതന്നെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റി.
വീട്ടില്‍ വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള എണ്ണം
പാലാ -2204
കടുത്തുരുത്തി -2305
വൈക്കം -1138
ഏറ്റുമാനൂര്‍ -1822
കോട്ടയം -1474
പുതുപ്പള്ളി-1855
ചങ്ങനാശ്ശേരി-1378
കാഞ്ഞിരപ്പള്ളി-1861
പൂഞ്ഞാര്‍ -1644
അവശ്യസേവന വിഭാഗത്തില്‍ 66.80 ശതമാനം പേര്‍ വോട്ട് ചെയ്തു
കോട്ടയം: അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനുള്ള അവസരം രണ്ടുദിവസം കൂടി മാത്രം. ഏപ്രില്‍ ആറു വരെയാണ് ഇവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനാവുക. ഈ വിഭാഗത്തില്‍ ജില്ലയില്‍ ഇതുവരെ 1124 പേര്‍(66.80 ശതമാനം) വോട്ട് ചെയ്തു. 1682 വോട്ടുകളാണ് ആകെയുള്ളത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സമയം.
പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സേവനങ്ങള്‍, ഹെല്‍ത്ത് സര്‍വീസ്, വനം ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ഫോം 12 ഡി വഴി അപേക്ഷിച്ചവര്‍ക്ക് തങ്ങള്‍ക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം.
പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവര്‍ക്ക് ഏപ്രില്‍ എട്ടു വരെയാണ് തപാല്‍ വോട്ടു ചെയ്യാന്‍ അവസരം.
പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ ഫോം 12 വഴി അപേക്ഷ നല്‍കിയിട്ടുളളവര്‍ക്ക് അതതു നിയോജകമണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലാണ് (വി.എഫ്.സി.) വോട്ട്. ഈ ദിവസങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ എട്ടിന് അതത് നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിലും വോട്ട് ചെയ്യാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള ജില്ലയിലെ മറ്റു വിഭാഗക്കാര്‍ക്ക് (നോണ്‍ പോളിംഗ് ഒഫീഷ്യല്‍സ്) കോട്ടയം സി.എം.എസ്. കോളജിലെ ഡെസിഗ്നേറ്റഡ് വി.എഫ്.സിയിലാണ് വോട്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട എന്നാല്‍ ഫോം 12 വഴി അപേക്ഷ നല്‍കിയിട്ടുള്ള പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍, റിട്ടേണിംഗ് ഓഫീസര്‍/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സ്റ്റാഫ്, നോഡല്‍ ഓഫീസര്‍ ടീം, ഡ്രെവര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ക്ക് ഈ കേന്ദ്രത്തില്‍ വോട്ട് ചെയ്യാം.
തങ്ങള്‍ക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നല്‍കുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി.) ഉപയോഗിച്ചു വോട്ടിംഗ് ദിവസം അതത് നിയോജകമണ്ഡലങ്ങളിലെ ബൂത്തില്‍ വോട്ട് ചെയ്യാം.



0 Comments