കേരളം കൊടുംചൂടിൽ വെന്തുരുകുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ.
കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. എന്നാൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നാലും നിലവിൽ പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത് ചൂട് കടുത്തതോടെ എസി, ഫാൻ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു. പാചകവാതക ലഭ്യതയിലെ കുറവോ വിലക്കയറ്റമോ കാരണം ഇൻഡക്ഷൻ കുക്കറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. വൈകുന്നേരങ്ങളിൽ എല്ലാവരും ഒരേസമയം വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഗ്രിഡിന് വലിയ വെല്ലുവിളിയാകുന്നു.
ഡാമുകളിലെ ജലനിരപ്പ് നിലവിൽ താഴ്ന്നിട്ടുണ്ട്. എങ്കിലും മെയ് മാസത്തോടെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങൾ സ്വയം തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ 11 മണി വരെ (പീക്ക് അവർ) വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അനാവശ്യമായി ലൈറ്റുകളും മറ്റും പ്രവർത്തിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.




0 Comments