സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും കൊഴുത്തത്. നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെസി വേണുഗോപാല്‍ ഉയരട്ടെ എന്ന് കുറിപ്പില്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ വേണുഗോപാലിന് പിന്തുണയുമായെത്തി.
കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരന്‍ പറയുന്നത്. പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും എല്ലാവര്‍ക്കും ഒപ്പം അവരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നുവെന്നും സുധാരന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ വിഡി സതീശന്‍ അനുകൂലികളും രമേശ് ചെന്നിത്തല അനുകൂലികളും വിരുദ്ധാഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കരുത്തു തെളിയിച്ച കെ സി വേണുഗോപാല്‍ തുടര്‍ന്നും, രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ തുടരട്ടെ എന്നാണ് വിഡി സതീശന്‍ അനുകൂലികള്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ പക്ഷം തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ ബഹുഭൂരിപക്ഷം എംപിമാരും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.




0 Comments