ബംഗളൂരുവിൽ മലയാളിയായ ഷെൽട്ടർ ഹോം ഉടമയുടെ മർദനമേറ്റ വാടാനപ്പള്ളി സ്വദേശിനി സുനിത (47) മരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. മെയ് മൂന്നിനാണ് ദീപക് കൃഷ്ണന്റെ മർദ്ദനമേറ്റത്. സുനിത ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണൻ മുൻപും ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ട്. ദുബായിൽ ഐടി ഉദ്യോഗസ്ഥനായിരുന്ന ഇയാൾ സഹപ്രവർത്തകരിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസിൽ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കടന്നത്. കൊക്കെയ്ൻ കൈവശം വെച്ചതിന് ഇയാളെ മുൻപ് പോലീസ് പിടികൂടിയിട്ടുണ്ട്.
2024 ഒക്ടോബറിൽ കൊച്ചിയിലെ മൃഗാശുപത്രിയിൽ അക്രമം കാണിക്കുകയും മൃഗഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഇയാൾ അറസ്റ്റിലായിരുന്നു. സ്വന്തം നാട്ടിൽ തെരുവ് നായകളെ സംരക്ഷിച്ചിരുന്ന സുനിത, സ്കൂൾ അവധിക്കാലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രതിസന്ധി നേരിട്ടതോടെയാണ് പത്രപ്പരസ്യം കണ്ട് ബംഗളൂരുവിലേക്ക് പോയത്. 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ദീപക് ഇവരെ വിളിച്ചുവരുത്തിയത്. എന്നാൽ അവിടെയെത്തിയ സുനിതയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുനിതയുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയാ യിരുന്നു. സുനിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിന് ശേഷം ഒളിവിൽ പോയ ദീപക് കൃഷ്ണനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.


0 Comments