‘എന്തിനാണ് പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്?’; കരുണാകരന്‍ സോണിയയുമായി അകന്നതിനു കാരണം പത്മജ; വെളിപ്പെടുത്തലുമായി കെ വി തോമസ്




മകള്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന കെ കരുണാകരന്റെ ആഗ്രഹമാണ് സോണിയയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് പ്രൊഫ. കെ വി തോമസ്. ‘കുമ്പളങ്ങി മുതല്‍ ചെങ്കോട്ട വരെ’ എന്ന ആത്മകഥാ പുസ്തകത്തിലാണ് കെ വി തോമസിന്റെ വെളിപ്പെടുത്തല്‍. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കരുണാകരന്‍ ആഗ്രഹിച്ചിരുന്നു. കരുണാകരന് വേണ്ടി കെ വി തോമസാണ് ഈ ആവശ്യം സോണിയയുടെ മുന്നിലെത്തിച്ചത്.

‘എന്തിനാണ് പിന്‍വാതിലിലൂടെ പത്മജയെ രാഷ്ട്രീയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്’ എന്നായിരുന്നു സോണിയ ഗാന്ധി ചോദിച്ചത്. ഇതോടെയാണ് കെ കരുണാകരനും ഗാന്ധി കുടുംബവും, പ്രത്യേകിച്ച് സോണിയാഗാന്ധിയുമായിട്ടുള്ള ബന്ധം വഷളായത്. 2001-ല്‍ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയാ ഗാന്ധിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ നിലനില്‍പ്പ് പരിഗണിച്ച് സോണിയ സമ്മതിക്കുകയായിരുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കുന്നു.


ഹൈക്കമാന്‍ഡിനെ എതിര്‍ത്ത് കോടോത്ത് ഗോവിന്ദന്‍ നായരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. ഈ അന്തരം പിന്നീട് ഒരിക്കലും കുറയ്ക്കാന്‍ കഴിഞ്ഞതുമില്ല. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭാ യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഫയലുകളുമായി കരുണാകരന്റെ വീട്ടില്‍ എത്തുന്ന പതിവുണ്ടായിരുന്നു. ഇത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് കരുതി താന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും കെ വി തോമസ് പുസ്തകത്തില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവും കരുണാകരനും തമ്മിലുള്ള അകല്‍ച്ചയുടെ കാരണവും കെവി തോമസ് പുസ്തകത്തില്‍ വിശദീകരിക്കുന്നു. നരസിംഹറാവുവിനെ ‘പിഎം’ എന്നോ പേരോ വിളിക്കാന്‍ കരുണാകരന്‍ തയ്യാറായിരുന്നില്ല. ‘പി വി’ എന്ന് മാത്രമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഈ വിളിയോട് നരസിംഹറാവുവിന് കടുത്ത അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും കെ.വി തോമസിന്റെ ആത്മകഥയില്‍ പറയുന്നു. ഫ്രഞ്ച് ചാരക്കേസ് അടക്കമുള്ള വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments