തൊഴിൽക്ഷാമം രൂക്ഷം: ഇടുക്കിയിൽ കാർഷിക-വ്യവസായ മേഖലകൾ കടുത്ത പ്രതിസന്ധിയിൽ



 തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ജില്ലയില്‍ കാര്‍ഷിക-വ്യവസായ-ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍. പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായാണ് തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരികെ എത്താത്ത സാഹചര്യമാണ്. ആവശ്യത്തിന് വേനല്‍മഴ ലഭിച്ചതോടെ കാര്‍ഷിക മേഖല സജീവമായി.

 പൈനാപ്പിള്‍ തോട്ടങ്ങളിലാകട്ടെ ആയിരക്കണക്കിനു തൊഴിലാളികളാണ് ജോലിചെയ്തുവരുന്നത്. ഇവര്‍ തിരികെ എത്താതെ വന്നതോടെ പൈനാപ്പിള്‍ കര്‍ഷകരും കടുത്ത ദുരിതത്തിലാണ്. നിരവധി തോട്ടങ്ങളില്‍ വിളവെടുപ്പും വളപ്രയോഗവും കളനീക്കം ചെയ്യലുമെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. റബര്‍ത്തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനായി റെയിന്‍ ഗാര്‍ഡിംഗ് നടത്തിയെങ്കിലും കാടുംപടലും മൂലം ടാപ്പിംഗ് ആരംഭിക്കാന്‍ കഴിയുന്നില്ല. 



ഇവ വെട്ടിനീക്കുന്നതിന് തൊഴിലാളികളെ ലഭിക്കാത്തത് റബര്‍ കര്‍ഷകര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. തൊടുപുഴ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി നല്‍കുന്ന നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഉടമയുടെയും കീഴില്‍ 10-25 വരെ തൊഴിലാളികളാണുണ്ടായിരുന്നത്. ബക്രീദ് കൂടി കഴിഞ്ഞു മാത്രമേ ഇവര്‍ എത്താന്‍ സാധ്യതയുള്ളൂവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചിലരാകട്ടെ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കുന്നുമില്ല.

 തൊഴിലാളികള്‍ മടങ്ങിയെത്താന്‍ വൈകുന്നത് തൊഴില്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ജില്ലയില്‍ ചെറുകിട ഫാക്ടറികളിലും ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉള്‍പ്പെടെ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തുവന്നിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ പ്രദേശവാസികളായ തൊഴിലാളികള്‍ക്കും ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തിയില്ലെങ്കില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു വ്യാപാരികള്‍ പറഞ്ഞു. ഇതേ സ്ഥിതി വിശേഷമാണ് മറ്റുതൊഴില്‍ മേഖലകളിലും ഉള്ളത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments