നഗരസഭയിൽ യു ഡി എഫ് ഒറ്റക്കെട്ടെന്ന് കേരളാ കോൺഗ്രസ് കൗൺസിലർമാർ
നഗര ഭരണത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ടീം യു ഡി എഫായാണ് പ്രവർത്തിക്കുന്നതെന്ന് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി യു ഡി എഫിന് അഭിപ്രായ വ്യത്യാസമെന്നത് ചില തത്പര കക്ഷികളുടെ പ്രചരണം മാത്രമാണ്. നഗരസഭയിൽ ഇക്കഴിഞ്ഞ ദിവസം പാസാകിയ പ്രമേയം ഇരു മുന്നണിയും ഒരു പോലെ അംഗീകരിച്ചതാണ്. പാലാ രാഷ്ട്രീയത്തിൽ ജോസ് വിഭാഗത്തെയാണ് രാഷ്ട്രീയ എതിരാളികളായി തങ്ങൾ കാണുന്നത്. അവർ ദുർബലമായത് കയ്യിലിരിപ്പ് കാരണമാണ്.
മുന്നണി മര്യാദകൾ പാലിച്ച് യു ഡി എഫ് ഒറ്റക്കെട്ടായി ഭരണം നടത്തും. ബിനു പുളിക്കക്കണ്ടത്തിന്റെ നേത്യത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയും സ്വതന്ത്ര അംഗം മായാ രാഹുലും യു ഡി എഫ് പ്ലാറ്റ് ഫോമിൽ നിൽക്കുന്നവരാണ്. അവർ ആത്മാർത്ഥമായി മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന ഭരണം കൂടി ലഭ്യമായതിനാൽ ഒട്ടേറെ വികസന പദ്ധതികൾ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് പാലായിൽ നടപ്പിലാക്കും. പാലാ യു ഡി എഫിൽ കുത്തിത്തിരുപ്പുമായി ഇറങ്ങിയവരോട് ഊരിയ വാൾ ഉറയിലിടാനായി ഉപദേശിക്കുന്നെന്നും കേരളാ കോൺഗ്രസ് ( ജോസഫ് ) പാർലമെന്ററി പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ സിജി ടോണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു വരിക്കാനി, കൗൺസിലർ സോണിയ ചിറ്റേട്ട് എന്നിവർ പ്രസംഗിച്ചു.


0 Comments