പനിബാധിച്ച് മൂന്നുവയസ്സായ ആൺകുട്ടി മരിച്ച സംഭവം. ജില്ലാ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം


 പനിബാധിച്ച് മൂന്നുവയസ്സായ ആൺകുട്ടി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ രക്ഷിതാക്കൾ. തേങ്കുറുശി തോട്ടത്തിൽ വീട്ടിൽ റിജു–ശാലിനി ദമ്പതികളുടെ മകൻ ദൈവിക്കാണ്‌ പനിയെ തുടർന്ന് മരിച്ചത്. ഞായർ രാത്രി 8.30നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയം പരിശോധനയിൽ 103 ഡിഗ്രി സെൽഷ്യസ് പനി ഉണ്ടായിരുന്നു. പാരസെറ്റമോൾ സിറപ്പ് നൽകിയതിനെത്തുടർന്ന് 96 ആയി കുറഞ്ഞു. ഇതിനിടെ കുട്ടിക്ക് പാലും ബന്നും നൽകാൻ ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, രക്ഷിതാക്കൾ ദൈവികിന് പാലും ബന്നും നൽകി. കുട്ടിയെ അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്ക് അയച്ചു.  രാത്രി 12ന്‌ വീട്ടിലെത്തി കുറച്ചുകഴിഞ്ഞപ്പോൾ കുട്ടി ഛർദിച്ചു. 


പുലർച്ചെ 3.30ഓടെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മരണകാരണം അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിൽ ഫ്രീസർ ഒഴിവില്ലെന്ന്‌ പറഞ്ഞതിനെ തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.  ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മഹാളികൂടം വാതക ശ്മശാനത്തിൽ സംസ്കരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിബി കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റ്‌ സംഗീത വിജയകുമാർ, വൈസ് പ്രസിഡന്റ്‌ എ സുന്ദരൻ തുടങ്ങിയ ജനപ്രതിനിധികൾ ആദരാഞ്ജലി അർപ്പിച്ചു. കുട്ടിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഡിഎംഒ, കലക്ടർ, കുഴൽമന്ദം സിഐ എന്നിവർക്ക് ചൊവ്വാഴ്ച പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments